
തിരുവനന്തപുരം: മുപ്പതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളില്‍ പിഴവ്. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗത്തിന്റെ വീഴ്ച കണ്ടെത്തിയത്. മൊത്തം 2.47 ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. അതിലെ 30,000 സര്‍ട്ടിഫിക്കറ്റുകളിലെ മാര്‍ക്കിലാണ് പിശക് സംഭവിച്ചത്. മാര്‍ക്ക് തിരുത്തി അച്ചടിച്ച് വീണ്ടും വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
സര്‍ട്ടിഫിക്കറ്റ് അച്ചടിക്കാന്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗം നല്‍കിയ ഉള്ളടക്കം പ്രസ്സിലെ സോഫ്ട് വെയറില്‍ മാപ്പ് ചെയ്തപ്പോഴുള്ള പിഴവാണ് പ്രശ്‌നത്തിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. സര്‍ട്ടിഫിക്കറ്റ് വീണ്ടും അച്ചടിച്ച് ഉടന്‍ വിതരണം ചെയ്യുമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗം ജോ.ഡയറക്ടര്‍ ഡോ.മാണിക്കരാജ് അറിയിച്ചു. സംഭവം ഗൗരവമായി അന്വേഷിക്കാനാണ് സര്‍ക്കാര്‍ നീക്കം.

കോളേജ് പ്രവേശനം നടക്കുന്ന വേളയില്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തില്‍ പിഴവ് വരുത്തിയവര്‍ക്കെതിരെ അദ്ധ്യാപക സംഘടനകള്‍ രംഗത്തെത്തി. മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എ.എച്ച്. എസ്.ടി. എ പ്രസിഡന്റ് ആര്‍. അരുണ്‍ കുമാറും ജനറല്‍ സെക്രട്ടറി എസ്. മനോജും ആവശ്യപ്പെട്ടു.
പാര്‍ട്ട് ത്രീ ഓപ്ഷണല്‍ രണ്ടാമത്തെ വിഷയത്തില്‍ നിരന്തര മൂല്യനിര്‍ണയത്തിന്റെ മാര്‍ക്ക് രേഖപ്പെടുത്തിയതിലാണ് പിശക് സംഭവിച്ചത്. സര്‍ട്ടിഫിക്കറ്റിലെ നാലാമത്തെ കോളത്തില്‍ ഒരുപോലെ പിഴവ് കണ്ടെത്തി. നിരന്തര മൂല്യനിര്‍ണയത്തില്‍ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ വ്യത്യസ്തമായ മാര്‍ക്ക് ലഭിച്ചവരുടെ സര്‍ട്ടിഫിക്കറ്റില്‍ ആദ്യവര്‍ഷത്തെ മാര്‍ക്കു തന്നെയാണ് രണ്ടാമത്തെ വര്‍ഷത്തെ മാര്‍ക്കായി രേഖപ്പെടുത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥിക്ക് മൊത്തം കിട്ടിയ മാര്‍ക്കില്‍ വ്യത്യാസമില്ലെങ്കിലും രണ്ടു കോളത്തിലേയും മാര്‍ക്ക് തമ്മില്‍ കൂട്ടുമ്പോള്‍ കണക്ക് തെറ്റാണ്.