ദോഹയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്‌റൈനും, മജീഷ്യന്‍ മുതുകാടടക്കം വിമാനത്താവളത്തില്‍ കുടുങ്ങി

ദോഹ: ഖത്തറിലെ യുഎസ് സൈനികത്താവളങ്ങള്‍ക്കു നേരെ നടന്ന ഇറാന്‍ ആക്രമണം ഖത്തര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്‌ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം. ജനവാസ മേഖലയില്‍ മിസൈലുകള്‍ വീണതായി റിപ്പോര്‍ട്ട് ഇല്ല. ആക്രമണത്തില്‍ ആര്‍ക്കും അപകടമില്ലെന്ന് ഖത്തര്‍ അറിയിച്ചു.

ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരേ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍ക്ക് നേരേ ആക്രമണം നടത്തുമെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിങ്കളാഴ്ച ഖത്തര്‍ വ്യോമപാത അടച്ചിരുന്നു.
അതിനിടെ, ദോഹ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ അവിടെ കുടുങ്ങി. ഇവര്‍ക്കു പുറത്തേക്ക് ഇറങ്ങാന്‍ അനുമതിയില്ല. വിമാനത്താവളത്തിലെ ലൈറ്റുകള്‍ അണച്ചു. അറിയിപ്പു ബോര്‍ഡുകളും നിര്‍ത്തിവച്ചു. ദോഹയില്‍ എത്തിയ മജീഷ്യന്‍ മുതുകാടും വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. പിന്നീട് എല്ലാം ശാന്തമായതോടെ എയര്‍ പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് പോരാന്‍ അനുവാദം ലഭിച്ചുവെന്നും
ഇന്നലെ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റ് ഇന്നത്തേക്ക് ക്രമീകരിച്ചുവെന്നും ഗോപിനാഥ് മുതുകാട് എഫ്.ബി പോസ്റ്റില്‍ കുറിച്ചു.