Breaking NewsLead News

ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്റെ ആക്രമണം; മിസൈലുകള്‍ പ്രതിരോധിച്ചു, ഉചിതമായ സമയത്തു പ്രതികരിക്കുമെന്ന് ഖത്തര്‍

ദോഹ: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്റെ മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഏതുഭീഷണി നേരിടാനും ഖത്തറിന്റെ സായുധസേനകള്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.

Signature-ad

അതിനിടെ, വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ അവിടെ കുടുങ്ങി. ഇവര്‍ക്കു പുറത്തേക്ക് ഇറങ്ങാന്‍ അനുമതിയില്ല. വിമാനത്താവളത്തിലെ ലൈറ്റുകള്‍ അണച്ചു. അറിയിപ്പു ബോര്‍ഡുകളും നിര്‍ത്തിവച്ചു. ദോഹയില്‍ എത്തിയ മജീഷ്യന്‍ മുതുകാടും വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയതിനു പിന്നാലെയാണ് വ്യോമപാത അടച്ചത്.

Back to top button
error: