
ദോഹ: ഖത്തറിലെ ദോഹയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. യുഎസ് സൈനികത്താവളങ്ങള്‍ക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണം ഖത്തര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്‌ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം. ജനവാസ മേഖലയില്‍ മിസൈലുകള്‍ വീണതായി റിപ്പോര്‍ട്ട് ഇല്ല. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും അപകടമില്ലെന്ന് ഖത്തര്‍ അറിയിച്ചു. പിന്നാലെ ഖത്തറും യുഎഇയും ബഹ്‌റൈനും വ്യോമപാത താല്‍ക്കാലികമായി അടച്ചു. ബഹ്‌റൈനില്‍ സൈറനുകള്‍ മുഴങ്ങിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തില്‍ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്നു ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. അതേസമയം, അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
SCENES ABOVE QATAR pic.twitter.com/znlqB11kIv
— Iran Observer (@IranObserver0) June 23, 2025

സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഏതുഭീഷണി നേരിടാനും ഖത്തറിന്റെ സായുധസേനകള്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. ഒരു മിസൈല്‍ പോലും വീണില്ലെന്ന് യു.എസ്. പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. ഹ്രസ്വ- മധ്യദൂര മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചതെന്നാണു റിപ്പോര്‍ട്ട്.
ഖത്തറും ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളും ഇറാനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് അമേരിക്കന്‍ ആക്രമണത്തിന്റെ പേരില്‍ മിസൈല്‍ വര്‍ഷിച്ചത്. ഇടക്കാലത്ത് സൗദിയും യുഎഇയും വിഛേദിച്ച ബന്ധവും പുനസ്ഥാപിച്ചിരുന്നു. ഇതിനെയെല്ലാം തുരംഗം വയ്ക്കുന്നതാകും ഇറാന്റെ പുതിയ നടപടി. ഖത്തറിനു പുറമേ, ഇറാഖ്, ബഹ്‌റൈന്‍ എന്നിവ കേന്ദ്രമാക്കിയും ആക്രമണമുണ്ടായെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
Watch the moment Iran launches advanced ballistic missiles at American terrorist forces at Al Udeid Air Base in Qatar — a direct retaliation for their attack on Iranian soil.#OpTriumphMessage pic.twitter.com/C63Bwy5WYa
— Daily Iran Military (@IRIran_Military) June 23, 2025
ഠ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മജീദ് അല്‍ അന്‍സാരി രംഗത്തെത്തി. ഖത്തറിന്റെ പരമാധികാരത്തിന്റേയും അന്താരാഷ്ട്ര നിയമത്തിന്റേയും ലംഘനമാണ് നടന്നതെന്ന് മജീദ് അല്‍ അന്‍സാരി പറഞ്ഞു. ആക്രമണത്തില്‍ ആളപായമോ പരിക്കോയില്ല. ഇറാന്‍ നടത്തിയത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. ഇതിനായി അടിയന്തരമായി ചര്‍ച്ചകളിലേയ്ക്ക് കടക്കണമെന്നും മജീദ് അല്‍ അന്‍സാരി ആവശ്യപ്പെട്ടു.
ഖത്തറില്‍ എട്ടരലക്ഷത്തോളം ഇന്ത്യക്കാര്‍ ഉള്ളതായാണ് വിവരം. അതിനിടെ കൊച്ചിയില്‍ നിന്ന് നാളെ പുലര്‍ച്ചെ 4.15 ന് ഖത്തറിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് സര്‍വീസ് റദ്ദ് ചെയ്തു. വൈകിട്ട് ഏഴിന് ഖത്തറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മസ്‌ക്കറ്റിലേക്ക് തിരിച്ചുവിട്ടു. യുഎഇയില്‍ നിന്നുമുള്ള വിമാനങ്ങളും റദ്ദാക്കി. കൊച്ചി-ഷാര്‍ജ വിമാനം മസ്‌കറ്റില്‍ ഇറക്കി.