Breaking NewsIndiaLead NewsNEWS

അന്യമതസ്ഥനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു; മകളുടെ ‘ശ്രാദ്ധം’ നടത്തി മാതാപിതാക്കള്‍

കൊല്‍ക്കത്ത: മകള്‍ അന്യമതത്തില്‍പ്പെട്ട ഒരാളോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന്, ജീവിച്ചിരിക്കുന്ന മകളുടെ മരണാനന്തരകര്‍മ്മം നടത്തി മാതാപിതാക്കള്‍. പശ്ചിമ ബംഗാളിലെ നാദിയയില്ലയിലാണ് സംഭവം. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ച മകള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിന് തുല്യമാണെന്നും, അതിനാലാണ് അവളുടെ ശ്രാദ്ധ ചടങ്ങ് നടത്തിയതെന്നും വീട്ടുകാര്‍ പറഞ്ഞു.

കോളജ് വിദ്യാര്‍ത്ഥിനിയായ യുവതി, ഒളിച്ചോടി വിവാഹം കഴിച്ചതിന് 12 ദിവസത്തിന് ശേഷമാണ് ശ്രാദ്ധം നടത്തിയത്. യുവതിയുടെ പ്രവൃത്തി കുടുംബത്തിന് അപമാനമാണ്. അവള്‍ ഞങ്ങള്‍ക്ക് മരിച്ചതുപോലെയാണ്. ഞങ്ങള്‍ അവളുടെ വിവാഹം നിശ്ചയിച്ചിരുന്നു, പക്ഷേ അവള്‍ ഞങ്ങളെ ഉപേക്ഷിച്ച് അവളുടെ വഴിക്ക് പോയി. പോയത് പോയി. യുവതിയുടെ അമ്മാവന്‍ സോമനാഥ് ബിശ്വാസ് പറഞ്ഞു.

Signature-ad

തല മൊട്ടയടിക്കുന്നത് ഉള്‍പ്പെടെ ‘ശ്രാദ്ധ’ത്തിന്റെ എല്ലാ ആചാരങ്ങളും ചടങ്ങില്‍ നടത്തിയിരുന്നു. പുരോഹിതന്‍ ചടങ്ങ് നടത്തിയ സ്ഥലത്ത് സ്ത്രീയുടെ മാല ചാര്‍ത്തിയ ഫോട്ടോയും സ്ഥാപിച്ചിരുന്നു. അവളുടെ എല്ലാ സ്വകാര്യ വസ്തുക്കളും കത്തിച്ചു കളഞ്ഞതായി യുവതിയുടെ അമ്മ പറഞ്ഞു. മറ്റൊരാളുമായി യുവതിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടി മറ്റൊരു മതത്തില്‍പ്പെട്ട കാമുകനൊപ്പം പോയത്.

പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. വീട്ടുകാരുടെ ഇഷ്ടത്തിനൊപ്പമായിരുന്നു അയാളും നിന്നിരുന്നത്. പെണ്‍കുട്ടി ഒളിച്ചോടി പോയി വിവാഹം കഴിച്ചതിനെപ്പറ്റി അറിഞ്ഞിരുന്നുവെന്നും, എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ ആയതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും പ്രദേശത്തെ പൊലീസ് ഓഫീസര്‍ പറഞ്ഞു. ഈ സംഭവത്തില്‍ തങ്ങള്‍ക്ക് ആരും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: