സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ! രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്ന ജയിലിനു നേരെയും ഇസ്രായേല്‍ ആക്രമണം; എവിന്‍ ജയില്‍ ഖമേനി വിരുദ്ധരെ തൂക്കിലേറ്റുന്നതിന് കുപ്രസിദ്ധം; വിമതരെ മോചിപ്പിച്ച് ഭരണം അട്ടിമറിക്കാനുള്ള നീക്കം? റവല്യൂഷനറി ഗാര്‍ഡിന്റെ കമാന്‍ഡ് സെന്ററും തകര്‍ത്തു

ഇസ്താംബുള്‍/ടെല്‍ അവീവ്: രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിരുന്ന ഇറാനിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലിനു നേരെയും ഇസ്രയേലിന്റെ ആക്രമണം. ആണവ കേന്ദ്രങ്ങള്‍ക്കുനേരെയും സൈനിക ഉദ്യോഗസ്ഥര്‍ക്കു നേരെയുമുള്ള ആക്രമണത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇറാന്റെ പരമോന്ന നേതാവ് അയൊത്തൊള്ള ഖമേനിയുടെ വിമര്‍ശകരടക്കം വിമതരായ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിരുന്ന ജയിലും ആക്രമിച്ചത്. ഇറാനില്‍ ഭരണമാറ്റമുണ്ടാകുമെന്നു പ്രഖ്യാപിച്ചു ‘മേക്ക് ഇറാന്‍ ഗ്രേറ്റ് എഗൈന്‍’ കാമ്പെയ്ന്‍ ആരംഭിച്ചതിനു പിന്നാലെയാണ് വിമതരെ മോചിപ്പിക്കുന്ന തരത്തില്‍ എവിന്‍ ജയിലിനു നേരെയുള്ള പരിമിതമായ ആക്രമണമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഠ സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ!
എവിന്‍ ജയിലിലും ടെഹ്റാനിലെ മറ്റ് ലക്ഷ്യങ്ങളിലും നടത്തിയ ആക്രമണങ്ങള്‍ ഇറാനിയന്‍ ഭരണ സംവിധാനത്തെയും അധികാരം നിലനിര്‍ത്താനുള്ള അതിന്റെ കഴിവിനെയും വിശാലമായി ബാധിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

എവിന്‍ ജയിലിലേക്കുള്ള പ്രവേശന കവാടത്തിന്റെ ബോര്‍ഡുള്ള കെട്ടിടത്തില്‍ നടന്ന സ്‌ഫോടനത്തിന്റെ വീഡിയോയും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ ‘എക്‌സി’ല്‍ പങ്കുവച്ചു. ജയിലില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആക്രമണത്തിനുശേഷമുള്ളതെന്നു പറയുന്ന ചിത്രങ്ങള്‍ യഥാര്‍ഥമാണെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ജയിലിലെ തകര്‍ന്ന കെട്ടിടത്തില്‍നിന്നു പരിക്കേറ്റയാളെ മാറ്റുന്ന ദൃശ്യങ്ങള്‍ ഐര്‍ഐബിയുടെ ദേശീയ മാധ്യമം പുറത്തുവിട്ടു. കെട്ടിടങ്ങള്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. തടവുപുള്ളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കണമെന്നു ഇറാന്‍ ജുഡീഷ്വറി നിര്‍ദേശിച്ചതായി ‘മിസാന്‍’ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രീയ തടവുകാരെയും സുരക്ഷാ തടവുകാരെയും പാര്‍പ്പിക്കുന്ന ഇറാന്റെ പ്രാഥമിക ജയിലാണ് എവിന്‍. അതുപോലെതന്നെ ഖമേനി വിമര്‍ശകരായ ആളുകളെ വധശിക്ഷയ്ക്കു വിധേയമാക്കുന്നതും ഇവിടെയാണ്. നിരവധി ഉന്നത വിദേശ തടവുകാരെയും അവിടെ പാര്‍പ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം റവല്യൂഷനറി ഗാര്‍ഡിന്റെ കമാന്‍ഡ് സെന്ററിനു നേരെയും ആക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ടെഹ്‌റാന്റെ ഹൃദയഭാഗത്തുള്ള സൈനിക കേന്ദ്രങ്ങള്‍ക്കുനേരെയും ആക്രമണം നടത്തിയെന്നും സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ കേന്ദ്രമാക്കി ഉപയോഗിക്കുന്ന മേഖലകളും ആക്രമിച്ചെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.
പത്തു ദിവസമായി തുടരുന്ന ബോംബാക്രമണത്തിനുശേഷം പത്തു ദശലക്ഷം ആളുകള്‍ പലായനം ചെയ്തു. എവിന്‍ ജയിലിനു സമീപത്തുളള വൈദ്യുതി ഫീഡറും ഇസ്രയേല്‍ തകര്‍ത്തു. തലസ്ഥാനത്തെ വൈദ്യുതി മുടങ്ങിയെന്നു വൈദ്യുതി കമ്പനിയായ തവാനീര്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിമിതമായ ഓപ്ഷനുകള്‍
ഇറാന്റെ ഫോര്‍ദോ ആണവ നിലയത്തിനു നേരെയുള്ള ആക്രമണത്തിനു പിന്നാലെ ഭീഷണികള്‍ ആവര്‍ത്തിക്കുന്നതല്ലാതെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ പ്രതികരിച്ചിട്ടില്ല. ‘മിസ്റ്റര്‍ ട്രംപ്, നിങ്ങള്‍ക്കു യുദ്ധം ആരംഭിക്കാം. പക്ഷേ, അവസാനിപ്പിക്കുന്നതു ഞങ്ങളായിരിക്കും’ എന്നായിരുന്നു റെക്കോഡ് ചെയ്ത സംഭാഷണത്തിലെ ഭീഷണി.
ഇറാന്റെ ആണവ പദ്ധതിയെ നശിപ്പിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും വിശാലമായ യുദ്ധം ആരംഭിക്കുകയല്ലെന്നും ട്രംപിന്റെ ഭരണകൂടം വാദിക്കുന്നു. ഞായറാഴ്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍, ഇറാന്റെ 1979 ലെ ഇസ്ലാമിക വിപ്ലവം മുതല്‍ മിഡില്‍ ഈസ്റ്റിലെ വാഷിംഗ്ടണിന്റെ പ്രധാന ശത്രുക്കളായ കടുത്ത പുരോഹിത ഭരണാധികാരികളെ അട്ടിമറിക്കുന്നതിനെക്കുറിച്ചും ട്രംപ് സംസാരിച്ചിട്ടുണ്ട്.
‘ഭരണമാറ്റം’ എന്ന പദം ഉപയോഗിക്കുന്നതു രാഷ്ട്രീയമായി ശരിയല്ലെങ്കിലും നിലവിലെ ഭണകൂടത്തിനു ഇറാനെ വീണ്ടും മഹത്തരമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തുകൊണ്ട് ഭരണം മാറുന്നില്ലെന്നും ട്രംപ് പറഞ്ഞു. ‘മേക്ക് ഇറാന്‍ ഗ്രേറ്റ് എഗൈന്‍ (മിഗ) എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിനെക്കുറിച്ച് ഇറാന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും തീരുമാനമെടുത്തിട്ടില്ല. അങ്ങനെ ചെയ്യുന്നത് ഇറാനെ സംബന്ധിച്ച് സാമ്പത്തിക ആത്മഹത്യക്കു തുല്യമായിരിക്കുമെന്നും കടലിടുക്ക് അടച്ചാല്‍ കൈകാര്യം ചെയ്യാന്‍ അറിയാമെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.