സുഹൃത്തുക്കളുമായി വീഡിയോകോള്‍, ഷഹീന ദാമ്പത്യജീവിതം നശിപ്പിച്ചെന്ന് സഹോദരന്‍; കൊലപാതകത്തിന് സുഹൃത്തും സഹായിച്ചു

തിരുവനന്തപുരം: മണ്ണന്തലയില്‍ സഹോദരന്‍ സഹോദരിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വിശദാംശങ്ങള്‍ പുറത്ത്. ഷഹീനയുടെ മറ്റു ബന്ധങ്ങള്‍ ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് എഫ്‌ഐആര്‍. രണ്ടാം പ്രതി വിശാഖിന്റെ സഹായത്തോടെയാണ് സഹോദരന്‍ ഷംഷാദ് കൊലപാതകം നടത്തിയതെന്നും പോലീസ് കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഞായറാഴ്ച ഹാജരാക്കും.
യാതൊരു കുറ്റബോധവുമില്ലാതെയാണ് ഷംഷാദ് സഹോദരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കാര്യം പോലീസിന് മുമ്പില്‍ സമ്മതിച്ചത്. ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ തടഞ്ഞതും ഷംഷാദാണ്. സഹോദരിയുടെ സൗഹൃദങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

സുഹൃത്തുക്കളെ നിരന്തരം വീഡിയോ കോള്‍ ചെയ്തിരുന്ന ഷഹീന, ദാമ്പത്യജീവിതം സ്വയം നശിപ്പിച്ചതാണെന്നും ഷംഷാദ് വിശ്വസിച്ചു. ഇതിലെ തര്‍ക്കം മര്‍ദ്ദനത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചെന്നാണ് പോലീസ് എഫ്‌ഐആര്‍. കഴിഞ്ഞ ആറുമാസമായി ഷഹീന വിവാഹബന്ധം ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.
രണ്ടാംപ്രതി ചെമ്പഴന്തി സ്വദേശി വിശാഖിന്റെ അറിവോടെയാണ് കൊലപാതകം നടന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊലപാതകം നടന്ന മണ്ണന്തലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി.
ശനിയാഴ്ചയാണ് പോത്തന്‍കോട് ചാത്തന്‍പാട് കൊച്ചുവീട്ടില്‍ ഷഹീന കൊല്ലപ്പെട്ടത്. ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്ന മണ്ണന്തല അത്രക്കാട്ടില്‍ എന്‍ക്‌ളേവ് അപ്പാര്‍ട്മെന്റിലായിരുന്നു സംഭവം. വൈകീട്ട് നാലരയോടെ സ്ഥലത്തെത്തിയ മാതാപിതാക്കളായ സലീനയും മുഹമ്മദ് ഷഫീക്കുമാണ് മരണവിവരം അറിഞ്ഞത്. ഷഹീനയുടെ ദേഹമാസകലം മുറിപ്പാടുകളുണ്ടായിരുന്നു .
കൊലപാതകം നടന്ന മണ്ണന്തലയിലെ ഹോം സ്റ്റേയില്‍നിന്ന് മൂത്ത സഹോദരന്‍ ഷംഷാദി(44)നെയും സുഹൃത്ത് വൈശാഖിനെയും പോലീസ് അറസ്റ്റുചെയ്തു. മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ഇവരെ രാത്രി വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി.
ആറു മാസമായി ഭര്‍ത്താവ് അസിനുമായി അകന്നുകഴിയുകയായിരുന്നു ഷഹീന. ഷംഷാദിന്റെ ദന്തചികിത്സയുടെ ഭാഗമായാണ് ഇരുവരും മണ്ണന്തലയിലെത്തിയത്. 14 മുതല്‍ മണ്ണന്തലയിലെ ഒരു ഹോംസ്റ്റേ അപ്പാര്‍ട്മെന്റില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. രണ്ടു മുറികളുള്ള അപ്പാര്‍ട്മെന്റിലെ ഒരു മുറിയിലാണ് ഷഹീനയുടെ മൃതദേഹം കിടന്നിരുന്നത്.