Breaking NewsLead NewsLocal

സംസ്ഥാനത്ത് പെരുമഴ: 11 ജില്ലകളിൽ മഞ്ഞ അലർട്ട്, കാറ്റിനും സാധ്യത, ജാഗ്രതാ നിർദ്ദേശം

    കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി 11 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്നലെ (ഞായർ) മുതൽ മഞ്ഞ അലർട്ടാണ്.  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ശക്തമായ മഴയും കാറ്റും

Signature-ad

അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്ന് വിശേഷിപ്പിക്കുന്നത്.

അടുത്ത ദിവസങ്ങളിലെ അലർട്ടുകൾ

ജൂൺ 24 (ചൊവ്വ): മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട്.
ജൂൺ 25(ബുധൻ): ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട്.
ജൂൺ 26 (വ്യാഴം): ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട്.

തെക്ക് പടിഞ്ഞാറൻ ബിഹാറിന് മുകളിലായി ന്യൂന മർദ്ദവും വടക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നതിനാലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.

അടുത്ത 7 ദിവസങ്ങളിൽ കേരളത്തിലുടനീളം കനത്ത മഴയ്ക്കു സാധ്യത. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്. മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലിനും മരങ്ങൾ കടപുഴകി വീഴാനും സാധ്യതയുണ്ട്. വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്, മണ്ണിടിച്ചില്‍ എന്നിവ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകി.

കനത്ത മഴമൂലം വിളകൾക്കും പച്ചക്കറികൾക്കും നാശനഷ്‌ടമുണ്ടാകാം. തുറസായ സ്ഥലങ്ങളിൽ ഇടിമിന്നലേല്‍ക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Back to top button
error: