Breaking NewsNEWSWorld

ഇറാൻ ലക്ഷ്യമിട്ടത് ബെൻ ഗുറിയോൺ വിമാനത്താവളം, നഗരമധ്യത്തിലെ പടുകൂറ്റൻ കെട്ടിടങ്ങൾ നിലംപൊത്തി, ചുറ്റും പുകയും പൊടിപടലങ്ങളും, ഇസ്രയേലിനെതിരെ ഇറാൻ നടത്തിയത് കനത്ത മിസൈലാക്രമണം, ദൃശ്യങ്ങൾ പുറത്ത്

ടെൽ അവീവ്: ഇസ്രയേലിനെതിരെ ഇറാൻ ഞായറാഴ്ച നടത്തിയത് കനത്ത ആക്രമണമെന്ന് റിപ്പോർട്ട്. തുടർന്ന് ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ യുഎസും പങ്കാളിയായി. ഇറാൻ ടെൽ അവീവിലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ടെൽ അവീവിൽ ഒട്ടേറെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചതായി ദൃശ്യങ്ങളിൽ കാണാം. നഗരത്തിലാകമാനം പുകയും പൊടിപടലവും നിറഞ്ഞിരിക്കുകയാണ്.

അതേപോലെ നഗരമധ്യത്തിലെ പടുകൂറ്റൻ കെട്ടിടം തകർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളം കൂടി ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ പറഞ്ഞു. പതിനൊന്ന് പേർക്ക് പരുക്കേറ്റതായി ഇസ്രയേൽ വൃത്തങ്ങൾ വ്യക്തമാക്കി. ഇറാന്റെ വിവിധയിടങ്ങളിൽ കനത്ത ബോംബാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Signature-ad

അതേസമയം ഇറാനും ഇസ്രയേലും തമ്മിൽ നടക്കുന്ന സംഘർഷത്തിൽ ഇടപെട്ട് യുഎസ് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഇത് പശ്ചിമേഷ്യയിലുടനീളം ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. മിസോറിയിൽ നിന്ന് ഏകദേശം 37 മണിക്കൂറോളം നിർത്താതെ പറന്ന യുഎസ് ബി-2 സ്പിരിറ്റ് ബോംബർ വിമാനങ്ങൾ, ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. പത്തിടങ്ങളിൽ ആക്രമണം ഉണ്ടായതായി ഇസ്രയേൽ പറഞ്ഞു. സമാധാനം അല്ലെങ്കിൽ ദുരന്തം, ഇതിലൊന്നേ സാധ്യമാകൂവെന്നും ഇറാന് നൽകിയ മുന്നറിയിപ്പിൽ ട്രംപ് പറഞ്ഞു.

Back to top button
error: