
ടെഹ്‌റാന്‍: ഇസ്രയേലിന് ഇന്റലിജന്‍സ് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ച് ഒരാളെ ഇറാന്‍ വധശിക്ഷയ്ക്കു വിധേയനാക്കി. ചാരവൃത്തി ആരോപിച്ചാണ് മജീദ് മൊസെയ്ബി എന്ന വ്യക്തിക്ക് വധശിക്ഷ നല്‍കിയത്. ഇസ്രയേല്‍ ചാരസംഘടനായ മൊസാദിന് മജീദ് നിര്‍ണായക രഹസ്യങ്ങള്‍ കൈമാറിയെന്നാണ് വിവരം. ഇയാളെ എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നു വ്യക്തമായിട്ടില്ല. വധശിക്ഷ ഇന്ന് നടപ്പാക്കിയതായി ഇറാന്‍ മാധ്യമമായ ‘മിസാന്‍’ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ ഇറാന്റെ ആക്രമണം തുടരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പത്ത് സ്ഥലങ്ങളില്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 11 പേര്‍ക്കു പരുക്കേറ്റു. സംരക്ഷിത മേഖലകളില്‍നിന്ന് പുറത്തേക്ക് പോകാനുള്ള അനുമതി പൊതുജനത്തിന് നല്‍കിയതായി ഇസ്രയേല്‍ വ്യക്തമാക്കി. ഇറാനില്‍നിന്നുള്ള ഏറ്റവും പുതിയ ആക്രമണത്തിന്റെ ഭീഷണി അവസാനിച്ചതായും രാവിലെ 10.50ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ ഇറാനില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. ഇറാനില്‍നിന്ന് മിസൈലുകള്‍ വിക്ഷേപിച്ച കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞതായി നേരത്തെ ഇസ്രയേല്‍ വ്യക്തമാക്കിരുന്നു.

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ രാവിലെ രണ്ടു തവണ അപായ സൈറണുകള്‍ മുഴങ്ങിയതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. ജോര്‍ദാനെ ലക്ഷ്യമാക്കിയല്ല, ഇസ്രയേലിനെ ലക്ഷ്യമിട്ടാണ് മിസൈലുകളെത്തിയത്. ഇതില്‍ ചില മിസൈലുകളും ഡ്രോണുകളും ജോര്‍ദാന്‍ വ്യോമസേന പ്രതിരോധിച്ചു.