ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ഇസ്രയേലിലേക്കു മിസൈല്‍ വര്‍ഷം; പത്തെണ്ണം ലക്ഷ്യങ്ങളില്‍ പതിച്ചു; ഹാഫിയയില്‍ വന്‍ നാശനഷ്ടം; കെട്ടിടങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തി; 1500 കിലോ സ്‌ഫോടക ശേഷിയുള്ള വജ്രായുധവും പ്രയോഗിച്ചേക്കും; എട്ട് മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍

ടെല്‍അവീവ്: സംഘര്‍ഷത്തിന്റെ പത്താം ദിനം പുലര്‍ച്ചെ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നോണം ഇസ്രയേലില്‍ വന്‍ നാശം വിതച്ച് ഇറാന്റെ മിസൈല്‍ ആക്രമണം. ബാലിസ്റ്റിക് മിസൈലുകള്‍ മധ്യ ഇസ്രയേലിലും വടക്കന്‍ ഇസ്രയേലിലും പതിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.
മുപ്പതോളം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടെത്തിയെന്നും പത്തെണ്ണം ലക്ഷ്യങ്ങളില്‍ പതിച്ചുവെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. രൂക്ഷമായ ആക്രമണത്തോടെ ടെല്‍ അവീവിലും ജെറുസലേമിലും നിരന്തരം സൈറണുകള്‍ മുഴങ്ങി. 10 ഇടങ്ങളില്‍ സാരമായ നാശനഷ്ടമുണ്ടായി. പന്ത്രണ്ടുപേര്‍ക്ക് പരുക്കേറ്റെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഹാഫിയയില്‍ സാരമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തി

ഇസ്രയേലിന്റെ തീരമധ്യ പ്രദേശങ്ങളിലും, ഡാന്‍ ജില്ലയിലും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നു. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം അഗ്‌നിരക്ഷാസേനകള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹഫിയയ്ക്ക് പുറമെ നെസ് സിയോണ, റിഷോണ്‍ ലെസയോണ്‍ എന്നിവടങ്ങളിലും ഉഗ്ര സ്‌ഫോടനങ്ങളുണ്ടായി.
ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ കഴിയണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. സുരക്ഷാനടപടികളുടെ ഭാഗമായി ഇസ്രയേല്‍ വ്യോമപാത അടച്ചു. നിലവില്‍ ഈജിപ്തുമായും ജോര്‍ദാനുമായുള്ള കര അതിര്‍ത്തികള്‍ മാത്രമാണ് തുറന്ന് കിടക്കുന്നത്. ഹോം ഫ്രണ്ട് കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും സാധ്യമാകുന്നത്ര മിസൈലുകളെ വ്യോമപ്രതിരോധത്തിലൂടെ ചെറുക്കുന്നുണ്ടെന്നും ഐഡിഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു.
ആക്രമണത്തിനു തൊട്ടുമുമ്പ് ഇറാനിലെ ഡെസ്ഫുള്‍ എയര്‍പോര്‍ട്ടില്‍ രണ്ട് എഫ്-5 ഫൈറ്റര്‍ ജെറ്റുകളും എട്ടു ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളും തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇരുപതോളം ഫൈറ്റര്‍ ജെറ്റുകള്‍ ഒരു ഡസനോളം ഇറാനിയന്‍ സൈനിക സംവിധാനങ്ങള്‍ ആക്രമിച്ചെന്നും പറയുന്നു. ഇതില്‍ എയര്‍ ഡിഫന്‍സ് സംവിധാനത്തിനായുള് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്ന കേന്ദ്രവും ഉള്‍പ്പെടും. ഇസ്ഫഹാന്‍ എയര്‍പോര്‍ട്ടിലും ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, 1500 കിലോ സ്‌ഫോടക വസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈല്‍ ഇതുവരെ വിക്ഷേപിച്ചിട്ടില്ലെന്നാണ് ഇറാന്റെ അവകാശവാദം. ഖൊരമാഷര്‍-4 മിസൈലിന്റെ പരീക്ഷണ ദൃശ്യങ്ങള്‍ ഇറാനിയന്‍ ടെലിവിഷന്‍ നേരത്തേ പുറത്തുവിട്ടിരുന്നു. രണ്ടായിരം കിലോമീറ്ററാണ് ഇതിന്റെ പരിധി.