ജിനു എത്തിയാലും ഇല്ലെങ്കിലും സംസ്‌കാരം ബുധനാഴ്ച; കുവൈത്തില്‍ കുടുങ്ങിയ അമ്മയുടെ വരവ് കാത്ത് ഷാനറ്റിന്റെ മൃതദേഹം അഞ്ചാം നാളും മോര്‍ച്ചറിയില്‍

ഇടുക്കി: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഏക മകന്റെ മുഖം അമ്മയ്ക്ക് ഒരുനോക്കു കാണാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് അണക്കര വെള്ളറയില്‍ ഷൈജുവും ബന്ധുക്കളും. കഴിഞ്ഞ 17ന് അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചു മരിച്ച, ഷാനറ്റ് ഷൈജുവിന്റെ (17) മൃതദേഹമാണ് കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന അമ്മ ജിനുവിന്റെ വരവു പ്രതീക്ഷിച്ച് അഞ്ചാം നാളും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഏക മകന്റെ വേര്‍പാട് ജിനുവിനെ ഇനിയും അറിയിച്ചിട്ടില്ല. അണക്കര കൊടുവേലിക്കുളത്ത് അലന്‍ കെ.ഷിബുവും അപകടത്തില്‍ മരിച്ചിരുന്നു.
കുവൈത്തില്‍ ജോലി തട്ടിപ്പിനിരയായ അമ്മ ജിനുവിനു തിരികെയെത്താന്‍ വഴി തെളിഞ്ഞിട്ടില്ല. 3 മാസം മുന്‍പാണ് ജിനു കുവൈത്തില്‍ ജോലിക്കു പോയത്. പറഞ്ഞിരുന്ന ജോലിക്കു പകരം കഠിനമായ മറ്റു ജോലികളാണ് ജിനുവിനു ചെയ്യേണ്ടി വന്നത്. ഒരു കുടുംബത്തിലെ കുട്ടിയെ നോക്കാനായി പത്തനംതിട്ടയിലുള്ള ഒരു ഏജന്‍സി വഴിയാണ് ജിനു കുവൈത്തില്‍ എത്തിയത്. ജോലിഭാരവും ആരോഗ്യപ്രശ്‌നങ്ങളും മൂലം തനിക്ക് ജോലിയില്‍ തുടരാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് ജിനു ഏജന്‍സിയെ അറിയിച്ചപ്പോള്‍ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്തു തടവിലാക്കി. വാഗ്ദാനം ചെയ്ത ശമ്പളവും കൊടുത്തില്ല. പിന്നീട് കുവൈത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍നിന്നു രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. കോടതി നടപടികള്‍ക്കു ശേഷം കരുതല്‍ തടങ്കലിലാണിപ്പോള്‍.

താല്‍ക്കാലിക പാസ്‌പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 16നു തിരികെ വരാനിരിക്കുമ്പോഴാണ് പശ്ചിമേഷ്യയിലെ യുദ്ധവും കോവിഡും പ്രതിസന്ധിയിലാക്കിയത്. മലയാളി അസോസിയേഷനും യാക്കോബായ സഭാ നേതൃത്വവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എംപിമാരായ ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവരും ജിനുവിനെ നാട്ടിലെത്തിക്കാന്‍ ഇടപെടുന്നുണ്ട്. വെള്ളിയും ശനിയും കുവൈത്തില്‍ അവധിദിനങ്ങളായതിനാല്‍ ഒരു ഇടപെടലും സാധ്യമായിരുന്നില്ല. ചൊവ്വാഴ്ച ജിനുവിനു നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജിനു എത്തിയാലും ഇല്ലെങ്കിലും ബുധനാഴ്ച സംസ്‌കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.