നാദിര്‍ഷയുടെ ‘ചക്കര’ ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ഷയുടെ വളര്‍ത്തു പൂച്ച ‘ചക്കര’ ചത്തതു ഹൃദയാഘാതം മൂലമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പേര്‍ഷ്യന്‍ വളര്‍ത്തുപൂച്ചയെ എറണാകുളം മാമംഗലത്തെ മൃഗാശുപത്രി അധികൃതര്‍ പൂച്ചയെ കഴുത്തില്‍ കുരുക്കിട്ട ശേഷമാണ് അനസ്‌തേഷ്യ നല്‍കിയതെന്നായിരുന്നു സംവിധായകന്‍ നാദിര്‍ഷ പരാതി ഉന്നയിച്ചത്. ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
കഴുത്തില്‍ വലിഞ്ഞു മുറുക്കിയ പാടുകള്‍ ഇല്ലെന്നാണു ജില്ലാ വെറ്ററിനറി മേധാവി പൊലീസിനു കൈമാറി റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂച്ചയ്ക്കു നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നതായും ഈ സാഹചര്യത്തില്‍ മയക്കാന്‍ കുത്തിവച്ചപ്പോള്‍ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് മൃഗസംരക്ഷണ വൃത്തങ്ങള്‍ പറയുന്നത്.

നാദിര്‍ഷായുടെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നേരത്തേ തന്നെ നിഷേധിച്ചിരുന്നു. പൂച്ചയ്ക്ക് അനസ്തേഷ്യ നല്‍കിയത് ഡോക്ടര്‍ തന്നെയാണെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
കൃത്യമായ അളവിലാണു മരുന്നു നല്‍കിയത്. മയക്കാതെ പൂച്ചയെ ഗ്രൂം ചെയ്യാമെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞിരുന്നുവെന്നും മയക്കാതെ ചെയ്യാന്‍ കഴിയില്ലെന്നു മകള്‍ പറഞ്ഞപ്പോള്‍ ഇതിനേക്കാള്‍ വലുതിനെ ചെയ്തിട്ടുണ്ടെന്ന് ജീവനക്കാര്‍ മറുപടി പറഞ്ഞെന്നുമായിരുന്നു നാദിര്‍ഷാ ആരോപിച്ചത്.