Breaking NewsLead News

ഏജൻസി ചതിച്ചു, അമ്മ ഒന്നരമാസമായി കുവൈത്ത് ജയിലിൽ, വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം വൈകുന്നു

ഇടുക്കി: ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച പതിനെട്ടുകാരൻ ഷാനറ്റ് ഷൈജുവിൻറെ സംസ്കാരം വിദേശത്തുള്ള അമ്മയെത്താത്തതിനാൽ പ്രതിസന്ധിയിൽ. കുവൈറ്റിൽ ജോലിക്ക് പോയി തടങ്കലിൽ കഴിയുന്ന അമ്മ ജിനുവിന് തിരികെയെത്താൻ കഴിയാത്തതിനാലാണ് സംസ്കാരം വൈകുന്നത്. ജോലിക്കു കൊണ്ടുപോയ ഏജൻസി ചതിച്ചതോടെയാണ് ജിനുവിനെ കുവൈറ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

അതേസമയം കഴിഞ്ഞ ചൊവ്വാഴ്ചയാണ് അണക്കര സ്വദേശി ഷാനറ്റ് ഷൈജുവും സുഹൃത്ത് അലനും ബൈക്കപകടത്തിൽ മരിച്ചത്. ഷാനറ്റിൻറെ അമ്മ ജിനുവിന് നാട്ടിലെത്താൻ കഴിയാത്തതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടര മാസം മുൻപാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം തുടരാൻ പറ്റാത്ത സ്ഥിതിയായി. മാത്രമല്ല വാഗ്ദാനം ചെയ്ത ശമ്പളവും കിട്ടിയില്ല.

Signature-ad

ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കി. കുവൈറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽ നിന്നു രക്ഷപെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്ക് ശേഷം തടങ്കലിലാണിപ്പോൾ ജിനു. താൽക്കാലിക പാസ്സ്പോ‍ർട്ട് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച തിരികെ വരാനിരിക്കുമ്പോഴാണ് യുദ്ധവും കൊവിഡും വീണ്ടും പ്രതിസന്ധിയായത്.

അതേസമയം ഡീൻ കുര്യാക്കോസ്, സുരേഷ് ഗോപി, ആൻറോ ആൻറണി തുടങ്ങിയ എംപി മാരെല്ലാം ജിനുവിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇടപെടുന്നുണ്ട്. അടുത്ത ബുധനാഴ്ചവരെ ജിനുവിനു വേണ്ടി മകന്റെ സംസ്കാര ചടങ്ങുകൾ നീട്ടി വച്ചു.

 

 

 

Back to top button
error: