Breaking NewsBusinessCareersIndiaLead NewsNEWSTRENDING

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കണ്ണുവച്ച് ആഗോള ഭീമന്‍മാരും; അരഡസന്‍ കമ്പനികള്‍ വന്‍ നിക്ഷേപത്തിന്; എന്‍ജിനീയറിംഗ്, സാമ്പത്തിക രംഗങ്ങളിലെ മിടുക്കന്‍മാര്‍ക്ക് അവസരങ്ങള്‍; മൂന്നു വര്‍ഷത്തിനിടെ പ്രതിഫലം മൂന്നിരട്ടിയായി; വിദേശ നിക്ഷേപകര്‍ തിരിച്ചെത്തിയതോടെ ഏപ്രിലില്‍ മാത്രം നടന്നത് 7.3 ബില്യണ്‍ ഡോളറിന്റെ വ്യാപാരം

മുംബൈ: സിറ്റാഡല്‍ സെക്യൂരിറ്റീസ്, ഐഎംസി ട്രേഡിംഗ് മുതല്‍ മില്ലേനിയം, ഒപ്റ്റിവര്‍ വരെയുള്ള അരഡസന്‍ ആഗോള വ്യാപാര ഭീമന്മാര്‍ ഇന്ത്യന്‍ വിപണിയിലേക്ക്. കുതിച്ചുയരുന്ന ഇന്ത്യന്‍ ഓഹരി വിപണികളില്‍ ട്രേഡിംഗ് കമ്പനികള്‍ വന്‍ ലാഭമുണ്ടാക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണു വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. മിടുക്കന്‍മാരായ യുവാക്കള്‍ക്കു വന്‍ തൊഴില്‍ സാധ്യതയാണ് ഇതു തുറക്കുന്നത്. നിയമനങ്ങള്‍ കുതിച്ചുയരുന്നതിനൊപ്പം സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്തുന്നതിനും ഓഹരി എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇതു പ്രചോദനമാകും.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ മൂലമുണ്ടായ ആഗോള പ്രതിസന്ധിയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ആഭ്യന്തര ഉപഭോക്തൃ- നിക്ഷേപ അടിത്തറകള്‍ സഹായിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കമ്പനികള്‍ വന്‍ തോതില്‍ നിയമന നടപടികള്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്. ഏപ്രിലില്‍ മാത്രം ഇന്ത്യയില്‍ 7.3 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഇത് ആഗോള ശരാശരിയുടെ അറുപതു ശതമാനത്തോളംവരും. മാര്‍ച്ചിനുശേഷം വിറ്റുവരവ് 48 മടങ്ങ് വര്‍ധിച്ചെന്നു സെബി വൃത്തങ്ങളും പറയുന്നു.

Signature-ad

പാശ്ചാത്യ സ്ഥാപനങ്ങളെ സംബന്ധിച്ചടത്തോളം സ്വര്‍ണത്തിന്റെ നിരക്കുയര്‍ന്നതും വന്‍ നേട്ടമായി. അമേരിക്കന്‍ ട്രേഡിംഗ് സ്ഥാനമായ ജെയ്ന്‍ സ്ട്രീറ്റ് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഓഹരി വ്യാപാരത്തിലൂടെ 2.34 ബില്യണ്‍ ഡോളറാണു നേടിയതെന്ന് എക്‌സിക്യുട്ടീവുകള്‍ പറഞ്ഞു. ഓഹരി വ്യാപാര രംഗത്ത് കടുത്ത മത്സരമാണു നടക്കുന്നത്. നിരവധി കമ്പനികളാണ് രംഗത്തുള്ളത്. ഇതു തൊഴില്‍ വിപണിയിലും പ്രതിഫലിക്കുമെന്നു ആഗോള ഹൈ-സ്പീഡ് ഓഹരി വ്യാപാര സ്ഥാപനമായ ഐഎംസി ട്രേഡിംഗ് പറയുന്നു. 2026 അവസാനത്തില്‍ അമ്പതു ശതമാനം വളര്‍ച്ചയാണു കമ്പനി പ്രതീക്ഷിക്കുന്നത്.

2024 ഒക്‌ടോബര്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയെ കൈയൊഴിഞ്ഞ വിദേശ നിക്ഷേപകരും ഏപ്രില്‍, മേയ് മാസങ്ങളില്‍ തിരിച്ചെത്തി. വിദേശ നിക്ഷേപകര്‍ മാത്രം 2.8 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് വാങ്ങിയത്. പ്രമുഖ നിക്ഷേപകനായ കെന്നത്ത് ഗ്രിഫിന്‍ സ്ഥാപിച്ച മാര്‍ക്കറ്റ് മേക്കിംഗ് കമ്പനിയായ സിറ്റാഡല്‍ സെക്യൂരിറ്റി ഇതുവരെ 10 ജീവനക്കാരെ വച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, അടുത്തിടെ ഇന്ത്യയില്‍നിന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നിയമിച്ചു. ഇവര്‍ കൂടുതല്‍ നിക്ഷേപത്തിനുള്ള നീക്കം തുടങ്ങിയെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു വെളിപ്പെടുത്തി. ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലൂടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഹെഡ്ജ് ഫണ്ട് മില്ലേനിയവും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

2024ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ നെതര്‍ലാന്‍ജഡ് ആസ്ഥാനമാക്കിയ ഓപ്റ്റീവര്‍ ജീവനക്കാരുടെ എണ്ണം ഈ വര്‍ഷം എഴുപതില്‍നിന്ന് 100 ആക്കി ഉയര്‍ത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ട്രേഡിംഗ് സ്ഥാപനമായ ഡാവിഞ്ചിയും ലണ്ടന്‍ ആസ്ഥാനമായുള്ള ക്യൂബ് റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജീസും ഇന്ത്യയിലെ ക്വാണ്ടിറ്റേറ്റീവ് ട്രേഡിംഗ് റോളുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് ജോലികള്‍ ക്ഷണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.

ഠ മിടുക്കന്‍മാര്‍ക്ക് അവസരം

ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളില്‍നിന്ന് കഴിവു തെളിയിച്ചു പുറത്തിറങ്ങുന്നവരെയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ട്രേഡിംഗ്, ടെക്‌നോളജി, ലീഗല്‍ മേഖലകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുന്നൂറു പേര്‍ക്കാണ് അവസരം ലഭിച്ചതെന്നു ഹോങ്കോങ് ആസ്ഥാനമാക്കിയ അക്വിസ് സേര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. അടുത്ത വര്‍ഷങ്ങളില്‍ ഇതു വര്‍ധിക്കാനാണ് സാധ്യതയെന്നു കമ്പനിയുടെ ടെക്‌നിക്കല്‍ വിഭാഗം മേധാവി അന്നപൂര്‍ണ ബിസ്റ്റ് പറഞ്ഞു.

മത്സരം ശക്തമാകുന്നതിന് അനുസരിച്ചു ശമ്പളത്തിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ മേഖലയിലെ തുടക്കക്കാര്‍ക്കു പോലും മൂന്നുവര്‍ഷം മുമ്പുള്ളതിനേക്കാള്‍ മൂന്നിരട്ടി പ്രതിഫലമാണു ലഭിക്കുന്നതെന്ന് ആല്‍ഫാ ഗ്രെപ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് തലവന്‍ ഭൗതിക് അംബാനി പറഞ്ഞു. പ്രതിഫകളെ കണ്ടെത്താനുള്ള ‘ഹണ്ടിംഗ് ഗ്രൗണ്ടാ’യി ഇന്ത്യയിലെ മുന്‍നിര എന്‍ജിനീയറിംഗ് സ്‌കൂളുകള്‍ മാറിക്കഴിഞ്ഞു. ഐഐടികളില്‍നിന്നുള്ളവരെയാണു കൂടുതല്‍ പരിഗണിക്കുന്നതെന്നും ഇവര്‍ പറയുന്നു.

ആഗോള സ്ഥാപനങ്ങളുടെ വരവ് ഇന്ത്യയിലെ രണ്ട് പ്രധാന എക്‌സ്‌ചേഞ്ചുകളിലും അവസരങ്ങള്‍ തുറന്നട്ടുണ്ട്. സാങ്കേതിക അടിത്തറ വികസിപ്പിക്കുന്ന പാതയിലാണ് ഇവര്‍. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേച്ച് (എന്‍എസ്ഇ) രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടായിരം കോ-ലൊക്കേഷന്‍ റാക്കുകള്‍ കൂട്ടിച്ചേര്‍ക്കും. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) 500 എണ്ണവും കൂട്ടിച്ചേര്‍ക്കുമെന്നാണു വിവരം. എക്‌സ്‌ചേഞ്ചുകളിലെ സെര്‍വറുകളുടെ കരുത്തു കൂട്ടുന്നത് വ്യാപാരം നടത്തുന്നതിനു സമയം മൈക്രോ സെക്കന്‍ഡുകളാക്കി കുറയ്ക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എക്‌സ്‌ചേഞ്ച് സാങ്കേതികവിദ്യയ്ക്കായി 4.5 ബില്യണ്‍ രൂപ മുതല്‍ 5 ബില്യണ്‍ രൂപ വരെ (52 മില്യണ്‍ മുതല്‍ 58 മില്യണ്‍ ഡോളര്‍ വരെ) ചെലവഴിച്ചിട്ടുണ്ടെന്ന് ബിഎസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദരരാമന്‍ രാമമൂര്‍ത്തി പറഞ്ഞു.

Back to top button
error: