‘റസീന ഭര്‍ത്താവുമായി അടുപ്പത്തിലായിരുന്നില്ല, അത് മുതലെടുത്തു; മകള്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചു’

കണ്ണൂര്‍: ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മന്‍സിലില്‍ റസീന (40) ജീവനൊടുക്കിയ സംഭവത്തില്‍ പരാതിയുമായി കുടുംബം. മകളുടെ ആണ്‍സുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നും റസീനയുടെ ഉമ്മയുടെ പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് മകള്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.
കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനടുത്ത് ആണ്‍സുഹൃത്തുമായി സംസാരിക്കുന്നത് ചിലര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് റസീന ആത്മഹത്യ ചെയ്തത്. ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്താണ് ആത്മഹത്യയെന്നു സൂചിപ്പിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വീഡിയോയും ഫോട്ടോയും തിരിച്ചു കിട്ടുന്നതുവരെ ആണ്‍സുഹൃത്തിനെ വെറുപ്പിക്കാന്‍ കഴിയില്ലെന്ന് മകള്‍ പറഞ്ഞെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നും ഇക്കാര്യം താന്‍ വീട്ടില്‍ പറഞ്ഞില്ലെന്നും ഉമ്മ പരാതിയില്‍ പറയുന്നു.

റസീനയും ഭര്‍ത്താവും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. അത് മുതലെടുത്താണ് ആണ്‍സുഹൃത്ത് വിവാഹവാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടിയത്. വിഡിയോകള്‍ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളിലും കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി മകള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് മകള്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. വീട്ടുകാര്‍ ഈ വിഷയം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനപരാതി കൊടുത്തിട്ടുണ്ട്. ഫോട്ടോയും വീഡിയോയും സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്നതിനാല്‍ മകള്‍ക്ക് പേടിയുണ്ടായിരുന്നു. ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് മകള്‍ പറഞ്ഞിരുന്നു.
ഫോട്ടോയും വീഡിയോയും നശിപ്പിക്കാമെന്ന് പറഞ്ഞ് സുഹൃത്ത് വിളിച്ചതിനെ തുടര്‍ന്നാണ് മകള്‍ സംഭവസ്ഥലത്തെത്തിയത്. അപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ കണ്ട് പ്രശ്‌നമുണ്ടായത്. പ്രതികളാക്കിയവര്‍ക്ക് മകളുടെ ആത്മഹത്യയുമായി ബന്ധമില്ല. പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്. സുഹൃത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും റസീനയുടെ ഉമ്മയുടെ പരാതിയില്‍ പറയുന്നു. സംഭവശേഷം കാണാതായ സുഹൃത്ത് ഇന്ന് സ്റ്റേഷനില്‍ ഹാജരായി. റസീനയോട് സംസാരിച്ചതിന് ചിലര്‍ സംഘം ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നാണ് സുഹൃത്തിന്റെ മൊഴി. സംഭവത്തില്‍ റസീനയുടെ ബന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു.