Breaking NewsNEWSWorld

ഐആർജിസി ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ബെഹ്‌നാം ഷഹരിയാരിയും സയീദ് ഇസാദിയും മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ

ടെൽഅവീവ്: ഇറാന്റെ മുതിർന്ന രണ്ട് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ. ക്വോമിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോറിന്റെ (ഐആർജിസി) പലസ്തീൻ വിഭാഗം മേധാവി സയീദ് ഇസാദിയും പടിഞ്ഞാറൻ ഇറാനിൽ യാത്ര ചെയ്യുകയായിരുന്ന ഐആർജിസി ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ബെഹ്‌നാം ഷഹരിയാരിയും കൊലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. എക്‌സിലൂടെ ഐഡിഎഫ് ആണ് ഇക്കാര്യം ‌അറിയിച്ചത്.

ഇരുവരും ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരാണെന്നും ഇസ്രയേൽ. ‘ഖുദ്സ് ഫോഴ്സിലെ പലസ്തീൻ കോറിന്റെ കമാൻഡറും ഇറാനിയൻ ഭരണകൂടത്തെയും ഹമാസിനെയും തമ്മിൽ ഏകോപിപ്പിക്കുന്ന പ്രധാന കണ്ണിയും ഒക്ടോബർ 7-ലെ കൂട്ടക്കൊലയുടെ പ്രധാന ആസൂത്രകരിലൊരാളുമായിരുന്നു ഇസാദി. ഐആർജിസിയിലെ മുതിർന്ന കമാൻഡർമാരും ഇറാനിയൻ ഭരണകൂടവും ഹമാസിലെ പ്രധാന നേതാക്കളുമായി സൈനിക ഏകോപനം നടത്തുന്നതിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു,’ ഐഡിഎഫ് എക്സിൽ പറഞ്ഞു.

Signature-ad

ഇരുവരേയും കൃത്യമായ ടാർഗറ്റ് ആക്രമണത്തിലൂടെയാണ് കൊലപ്പെടുത്തിയതെന്നും ഇസ്രയേൽ അറിയിച്ചു. ഇറാനിൽനിന്നുള്ള ആയുധങ്ങൾ പലസ്തീനിലും ലബനനിലും മറ്റു രാജ്യങ്ങളിലും എത്തിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്നത് ഷഹരിയാരി ആണെന്നാണ് ഇസ്രയേൽ പറയുന്നത്. കൂടാതെ വാഹനത്തിൽ പോവുന്ന ഷഹരിയാരിയെ വധിക്കുന്നതിന്റെ വീഡിയോയും എഡിഎഫ് പുറത്തുവിട്ടു. പടിഞ്ഞാറൻ ഇറാനിലൂടെ യാത്ര ചെയ്യുകയായിരുന്ന ഷഹരിയാരിയെ ആയിരം കിലോ മീറ്ററുകൾക്കപ്പുറത്ത് ഇസ്രയേലിൽനിന്ന് മിസൈൽ അയച്ച് കൊലപ്പെടുത്തുകയായിരുന്നു.

രണ്ട് വധങ്ങൾക്കും പിന്നാലെ ഞങ്ങൾ വിജയിക്കാൻ പോവുകയാണെന്ന് പറഞ്ഞ് ഇസ്രയേൽ സൈന്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം ശനിയാഴ്ച്ച പുലർച്ചെ ക്വോമിൽ കനത്ത ആക്രമണമാണ് ഇസ്രയേൽ അഴിച്ചുവിട്ടത്. ഇസാദിക്കു പുറമെ, രണ്ട് ഐആർജിസി സൈനികരെ കൂടി വധിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേൽ- ഇറാൻ യുദ്ധം രണ്ടാം വാരത്തിലേക്ക് കടന്നപ്പോഴാണ് ഇസ്രയേലിന്റെ നിർണായക നീക്കം.

Back to top button
error: