മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത: കോടതിയുടെ കടുത്ത പരാമര്‍ശത്തിനും പുല്ലുവില; മൂന്നാം നാളും ടോള്‍ പിരിവ് ഉഷാര്‍; കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ രൂക്ഷമായ പരാമര്‍ശങ്ങള്‍; ടോള്‍ നിരക്ക് 40 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന സുപ്രീം കോടതി വിധിയും കോടതിക്കു മുന്നില്‍

തൃശൂര്‍: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ അടിപ്പാതകളുടെ നിര്‍മണത്തെത്തുടര്‍ന്നുള്ള ഗതാഗതക്കുരുക്കുനെതിരേ ഹൈക്കോടതിയുടെ രൂക്ഷമായ പരാമര്‍ശം ഉയര്‍ന്നിട്ടും പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിനു മുടക്കമില്ല. ടോള്‍ നല്‍കുന്നവര്‍ക്കു മികച്ച സേവനത്തിന് അവകാശമില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.
ദേശീയപാത 544ല്‍ ചിറങ്ങര- കൊരട്ടി- മുരിങ്ങൂര്‍ റൂട്ടിലെ ആറര കിലോമീറ്റര്‍ ഭാഗത്താണ് കുരുക്കു രൂക്ഷം. മണിക്കൂറുകള്‍ കാത്തുകിടന്നാണ് ഇവിടം കടന്നുപോകുന്നത്. പാലിയേക്കരയിലെ ടോള്‍ പിരിവുകൂടിയാകുമ്പോള്‍ കിലോമീറ്ററുകള്‍ വാഹനങ്ങളുടെ നിര നീളും. ആംബുലന്‍സുകളും മറ്റ് അടിയന്തര സര്‍വീസുകളും ബ്ലോക്കില്‍ പെടുന്നു. കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ അഗ്നിശമന സേനയുടെ വാഹനങ്ങള്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടി.

ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്. നിലപാടറിയിക്കാന്‍ കേന്ദ്രം സമയം തേടിയതോടെ ഹര്‍ജി 25 ലേക്കു മാറ്റി.
കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്നു ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ നേരത്തേ കളക്ടര്‍ ഉത്തരവിട്ടെങ്കിലും ഉടന്‍ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പില്‍ പിന്‍വലിച്ചു. മാസങ്ങള്‍ കഴിഞ്ഞെങ്കിലും നിര്‍മാണം വേഗത്തിലാക്കാനോ കുരുക്കിനു പരിഹാരമുണ്ടാക്കാനോ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിനുവേണ്ടി കളക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും രൂക്ഷമായ പരാമര്‍ശങ്ങളാണുള്ളത്. കരാര്‍ പ്രകാരമുള്ള സേവനം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ടോള്‍ നിരക്ക് 40 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന സുപ്രീം കോടതിയുടെയും ജമ്മു-കശ്മീര്‍ ഹൈക്കോടതിയുടെയും വിധിപ്പകര്‍പ്പുകള്‍ അടക്കം ഹാജരാക്കിയിരുന്നു. ടോള്‍ പിരിവു നിര്‍ത്താനുള്ള ഉത്തരവിന്റെയും പിന്‍വലിച്ചതിന്റെയും പകര്‍പ്പുകളും സമര്‍പ്പിച്ചു.
വര്‍ഷാവര്‍ഷം ടോള്‍ നിരക്ക് ഉയര്‍ത്തുന്നതിനെതിരേ തൃശൂര്‍ ഡിസിസി പ്രസിഡന്റും ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയില്‍ നാളെ (23ന്) ഇതേ ബെഞ്ച് വാദം കേള്‍ക്കും. നിബന്ധനകള്‍ പാലിച്ചില്ല, കരാര്‍ പട്ടികയിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ല, സേഫ്റ്റി ഓഡിറ്റില്‍ പറയുന്ന പരിഹാര മാര്‍ഗങ്ങള്‍ പൂര്‍ത്തിയാക്കിയില്ല, രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുമ്പോഴും ടോള്‍ നിരക്കില്‍ ഇളവുകള്‍ നല്‍കാതെ കരാര്‍ കമ്പനി കോടികളുടെ ലാഭമുണ്ടാക്കുന്നു എന്നീ കാര്യങ്ങളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
2011 മുതല്‍ ടോള്‍ പിരിവു നടത്തുന്ന കമ്പനി കരാര്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല. കരാറില്‍ പറയുന്ന അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ടോള്‍ പിരിക്കണമെന്നാണു നിബന്ധന. ടോള്‍ ബൂത്തിനുമുന്നിലെ വരിയില്‍ അഞ്ചു വാഹനങ്ങളില്‍ കൂടുതല്‍ എത്തിയാല്‍ ബാരിക്കേഡ് തുറന്നു കടത്തിവിടണമെന്ന വ്യവസ്ഥയും ഒരുവര്‍ഷം മുമ്പ് പിന്‍വലിച്ചു. പിന്‍വലിച്ചപ്പോഴാണ് ഇങ്ങനെയൊരു വ്യവസ്ഥയുണ്ടെന്നുപോലും അറിഞ്ഞത്. വ്യവസ്ഥകള്‍ മറച്ചു വച്ച് 13 വര്‍ഷം ടോള്‍ പിരിച്ചു. അനുബന്ധമായി ഒരുക്കേണ്ട സര്‍വീസ് റോഡുകള്‍ അപൂര്‍ണമാണ്. അഴുക്കുചാല്‍, നടപ്പാത, സിഗ്നലുകള്‍, വഴിവിളക്കുകള്‍, വിശ്രമകേന്ദ്രങ്ങള്‍, ബസ് ബേകള്‍ എന്നിവയും പൂര്‍ത്തിയാക്കിയിട്ടില്ല.