പ്രശാന്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം ജയതിലക് അട്ടിമറിച്ചു; മുഖ്യമന്ത്രിയുടെ നിര്‍ദേശം പോലും പാലിച്ചില്ല

തിരുവനന്തപുരം: മാസങ്ങളായി സസ്പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്തിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചെന്ന് രേഖ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം മറികടന്ന് ചട്ടവിരുദ്ധമായ ഇടപെടലിലൂടെയാണ് ജയതിലക് ഈ നീക്കം നടത്തിയത്. ജയതിലകിനെതിരായ വിമര്‍ശനത്തിന്റെ പേരിലാണ് എന്‍ പ്രശാന്ത് സസ്പെന്‍ഷനിലായത്.
ചീഫ് സെക്രട്ടറിയാണ് സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍. കഴിഞ്ഞ ഏപ്രില്‍ 24ന് തന്നെ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അദ്ധ്യക്ഷയായ റിവ്യൂ കമ്മിറ്റിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ബിശ്വന്ത് സിന്‍ഹയും കെആര്‍ ജ്യോതിലാലുമായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍.

എന്നാല്‍, ശാരദ മുരളീധരന്‍ സ്ഥാനമൊഴിയുകയും ജയതിലക് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറിയാവുകയും ചെയ്തു. എന്‍ പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിനെതിരെ ആണെന്നതിനാല്‍, സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ തലപ്പത്ത് ജയതിലകിന് പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ഇത് നടപ്പാക്കിയില്ല. ചീഫ് സെക്രട്ടറിയായി അധികാരമേറ്റ ജയതിലക് സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയില്‍ രണ്ട് അംഗങ്ങള്‍ മതിയെന്ന് ഉത്തരവിറക്കി. ഇതോടെ രാജന്‍ ഖോബ്രഗഡെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി.
തുടര്‍ന്ന് ജയതിലകിന്റെ അദ്ധ്യക്ഷതയില്‍ പുതിയ സമിതി മേയ് അഞ്ചിന് യോഗം ചേര്‍ന്ന് എന്‍ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ 180 ദിവസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചു. സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശ ചെയ്ത് 12-ാം ദിവസമാണ് പുതിയ കമ്മിറ്റി നടപടി നീക്കിയത്. സസ്പെന്‍ഷന്‍ നീട്ടണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതിയും ആവശ്യമുണ്ട്. എന്നാല്‍, ഈ അനുമതി തേടിയതായി രേഖകളിലില്ല.