Breaking NewsIndiaLead NewsNEWS

കാനഡയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; രണ്ടു മാസത്തിനിടെ മൂന്നാമത്തെ മരണം

ഒട്ടാവ: കാനഡയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിയും കാല്‍ഗറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുമായ തന്യ ത്യാഗിയാണ് മരിച്ചത്. ഇന്നലെയാണ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാന്‍കൂവറിലെ കോണ്‍സുലേറ്റ് ജനറല്‍ ഒഫ് ഇന്ത്യ അറിയിച്ചത്. മരിച്ചത് തന്യ ത്യാഗിയാണെന്ന് അറിഞ്ഞിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

കാനഡയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും കോണ്‍സുലേറ്റ് ജനറല്‍ ഒഫ് ഇന്ത്യ എക്‌സിലൂടെ അറിയിച്ചു. മരണകാരണം ഇതുവരെയായിട്ടും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. യുവതി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്.

Signature-ad

കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ മരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഏപ്രില്‍ 19ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടിരുന്നു. 22 കാരിയായ ഹര്‍സിമ്രത് രണ്‍ധാവയാണ് കൊല്ലപ്പെട്ടത്. ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാത സംഘം യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചല്ല.

ഏപ്രില്‍ 11 ന് കാനഡയില്‍ മലയാളി യുവാവിനെ കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിയാണ് (39) മരിച്ചത്. ജിപിഎസ് സംവിധാനമുള്ള വാഹനം ഉള്‍പ്പെടെയാണ് കാണാതായത്. ഫിന്റോ ആന്റണി കാനഡയില്‍ 12 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഫിന്റോ ആന്റണിയെ കാണാനില്ലെന്ന് കാനഡ പൊലീസാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

 

Back to top button
error: