തരൂർ പറഞ്ഞത് നുണ, കോൺഗ്രസ് ഇലക്ഷൻ കമ്മീഷന് നൽകിയ താരപ്രചാരകരുടെ പട്ടികയിൽ എട്ടാമത്തെ പേരുകാരൻ ശശി തരൂർ

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ പാർട്ടിയിൽ നിന്നു ആരും ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ വാദം ശരിയല്ലെന്ന് വ്യക്തമാക്കി കോൺഗ്രസിന്റെ താര പ്രചാരകരുടെ പട്ടിക. കോൺഗ്രസ് ഇലക്ഷൻ കമ്മീഷന് നൽകിയ താരപ്രചാരകരുടെ 40 അംഗ പട്ടികയിൽ ശശി തരൂരും ഉൾപ്പെട്ടിട്ടുണ്ട്. ജൂൺ രണ്ടിന് പുറത്തിറക്കിയ 40 പേരുടെ പട്ടികയിൽ എട്ടാമതായാണ് തരൂരിന്റെ പേര് ഉൾപെടുത്തിയിരിക്കുന്നത്.
പട്ടികയിൽകെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, ദീപാദാസ് മുൻഷി, അഡ്വ സണ്ണി ജോസഫ്, രമേശ് ചെന്നത്തല, കെ സുധാകരൻ എന്നിവർക്ക് തൊട്ടുതാഴെയാണ് ശശി തരൂരിന്റെ പേര് കൊടുത്തിരിക്കുന്നത്. കൊടിക്കുന്നേൽ സുരേഷിന്റെ പേര് ഒമ്പതാമതും കെ മുരളീധരന്റെ പേര് പട്ടികയിൽ പത്താമതുമാണ്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പേര് പതിനാലാമതാണ്.

അതേസമയം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ചില്ല എന്നായിരുന്നു തരൂർ പറഞ്ഞിരുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യം തന്നെയാണ്. താൻ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തിൽ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും ലഭിച്ചില്ല. നിലമ്പൂരിൽ വരാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും പോകുമായിരുന്നു എന്നായിരുന്നു തരൂരിന്റെ പ്രതികരണം. മികച്ച സ്ഥാനാർത്ഥിയാണ് നിലമ്പൂരിൽ യുഡിഎഫിനുള്ളത്. മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് പ്രത്യേകിച്ച് ക്ഷണമുണ്ടായിരുന്നില്ല. ക്ഷണം വേണമെന്നില്ല. പക്ഷേ, പരിപാടി സംഘടിപ്പിക്കുമ്പോൾ സംഘാടകർ അറിയിക്കുമല്ലോ. നിലമ്പൂരിൽ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും പോവുമായിരുന്നു. തന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും തരൂർ പറഞ്ഞിരുന്നു.