Breaking NewsMovie

“എന്നെ വിശ്വസിച്ച് നിങ്ങൾക്ക് കുബേര” കാണാം”, നിറഞ്ഞ ആത്മവിശ്വാസത്തോടെ ധനുഷ്; ശേഖർ കമ്മുല ചിത്രം ആഗോള റിലീസ് നാളെ, കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് വേഫെറർ ഫിലിംസ്

കൊച്ചി: തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര”യുടെ ആഗോള റിലീസ് നാളെ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ നായകൻ ധനുഷ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കുബേര ഒരു സ്പെഷ്യൽ ചിത്രമാണ്, തമിഴിലും തെലുങ്കിലുമായി രണ്ട് ഭാഷകളിൽ എടുത്ത ചിത്രമാണ് എന്ന് ധനുഷ് പറഞ്ഞു. ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള ചിത്രമാണ് ഇതെന്നും നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും എന്ന് തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് എന്നും ധനുഷ് വേദിയിൽ വെച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു. തന്നെ വിശ്വസിച്ച് സിനിമ കാണാം എന്നും അദ്ദേഹം പ്രേക്ഷകരോട് പറഞ്ഞു.

ഇത് കൂടാതെ സംവിധായകൻ ശേഖർ കമ്മുലയെ കുറിച്ചും ധനുഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടി. വെറുപ്പ് പടർന്നു പിടിക്കുന്ന ഈ കലികാലത്തിൽ ശേഖർ കമ്മുല പോലെ ഒരാളെ കാണാൻ സാധിച്ചത് തന്റെ ഭാഗ്യം ആണെന്നാണ് ധനുഷ് പറയുന്നത്. വളരെ നിഷ്കളങ്കനും ശുദ്ധനുമായ ഒരു മനുഷ്യനാണ് അദ്ദേഹമെന്നും ആകാശത്ത് നിന്ന് താഴേക്ക് ഇറങ്ങി വന്ന മാലാഖയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാമെന്നും ധനുഷ് പറയുന്നു. താൻ തമിഴ്, തെലുങ്കു, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സംവിധായകർക്ക് ഒപ്പമെല്ലാം ജോലി ചെയ്തിട്ടുണ്ട് എന്നും അതിൽ ശേഖർ കമ്മുല ഒരു മികച്ച സംവിധായകൻ ആണെന്നതിനൊപ്പം ഇത്ര നല്ല ഒരു മനുഷ്യനുമായി ഇടപഴകാൻ സാധിച്ചത് ജീവിതത്തിൽ തനിക്ക് ലഭിച്ച അനുഗ്രഹമായി കാണുന്നു എന്നും ധനുഷ് വെളിപ്പെടുത്തി.

Signature-ad

ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്. ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന “കുബേര” ഒരു പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. ചിത്രത്തിന്റെ ട്രൈലെർ, ടീസർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു.

ഛായാഗ്രഹണം – നികേത് ബൊമ്മി, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, സംഗീതം – ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ – തൊട്ട ധരണി,  പിആർഒ ശബരി.

Back to top button
error: