Breaking NewsLead NewsNEWSWorld

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി ട്രംപ്; പക്ഷേ, അന്തിമതീരുമാനം വൈകും?

വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇറാന് നേരേ ആക്രമണം നടത്തണോ എന്നതില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും യുഎസ് മാധ്യമമായ സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു.

ആണവപദ്ധതി ഉപേക്ഷിക്കാന്‍ ഇറാന്‍ സമ്മതിച്ചാല്‍ ആക്രമണം ആരംഭിക്കാനുള്ള നീക്കത്തില്‍നിന്ന് യുഎസ് പ്രസിഡന്റ് പിന്മാറിയേക്കുമെന്നാണ് യുഎസിലെ മുതിര്‍ന്ന ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ ഫോര്‍ദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം ആക്രമിക്കുന്നതാണ് യുഎസിന്റെ പരിഗണനയിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ട്രംപിന്റെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി അപ്പാടെ തള്ളിക്കളഞ്ഞു. ഇറാനിയന്‍ ജനത കീഴടങ്ങില്ലെന്നും യുഎസ് ഏതെങ്കിലും രീതിയില്‍ സൈനിക ഇടപെടല്‍ നടത്തിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും ഖമീനി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ‘ഗുഡ് ലക്ക്’ എന്നുപറഞ്ഞ് ട്രംപ് ഇതിനെ തള്ളിക്കളഞ്ഞു. ഇതിനുപിന്നാലെയാണ് ട്രംപ് ആക്രമണപദ്ധതിക്ക് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

യുഎസിന്റെ ഒരു വിമാനവാഹിനി കപ്പല്‍ കൂടി സംഘര്‍ഷമേഖലയിലേക്ക് നീങ്ങുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുഎസ്എസ് നിമിറ്റ്സ് എന്ന യുദ്ധക്കപ്പലാണ് തെക്കുകിഴക്കന്‍ ഏഷ്യയില്‍നിന്ന് സംഘര്‍ഷമേഖലയിലേക്ക് നീങ്ങുന്നത്. അമേരിക്കയുടെ യുഎസ്എസ് കാള്‍ വിന്‍സണ്‍ എന്ന യുദ്ധക്കപ്പല്‍ നേരത്തേ തന്നെ മേഖലയില്‍ നിലയുറപ്പിച്ചിരുന്നു. ഇതിനൊപ്പം യൂറോപ്പില്‍ നിന്ന് എഫ്-22 എഫ്-35 യുദ്ധവിമാനങ്ങളും മേഖലയിലേക്ക് അയക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്.

അതിനിടെ, ഇറാന്റെ ആണവകേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈല്‍ശേഖരവും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇസ്രയേല്‍ പടിപടിയായി മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബുധനാഴ്ച വ്യക്തമാക്കി. ടെഹ്റാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്റെ ആണവകേന്ദ്രങ്ങളും മിസൈല്‍ കേന്ദ്രങ്ങളും അവരുടെ ആസ്ഥാനങ്ങളിലും ആക്രമണം തുടരുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇറാനില്‍ ഇതുവരെ 585 പേര്‍ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശസംഘടന അറിയിച്ചു. ഇതില്‍ 126 സൈനിക ഉദ്യോഗസ്ഥരും 239 സാധാരണക്കാരും ഉള്‍പ്പെടുന്നു. ഇസ്രയേലിന് നേരേ ഇറാന്‍ ഇതുവരെ 400-ഓളം മിസൈലുകള്‍ വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ഇതുവരെ 24 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരെല്ലാം സാധാരണക്കാരാണ്.

 

Back to top button
error: