മഴയിലുംതോരാത്ത നിലമ്പൂരിന്റെ വോട്ടാവേശം; ആദ്യമണിക്കൂറില്‍ 6.02 % പോളിങ്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു.ആദ്യമണിക്കൂറില്‍ 6.02 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.മഴയെയും അവഗണിച്ചാണ് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് മതീരി ജിഎല്‍പി സ്‌കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തി. വലിയ വിജയപ്രതീക്ഷയാണ് സ്വരാജ് പങ്കുവെച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷം വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് ഷൗക്കത്ത് പ്രതികരിച്ചു.
പ്രധാന മുന്നണി സ്ഥാനാര്‍ഥിയടക്കം 10സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.മെയ് 25നായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേയ്ക്കായിരുന്നു നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

വോട്ടിങ്ങിനായി ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന വനത്തിലെ മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ ആകെയുള്ള 263 ബൂത്തുകളും പൂര്‍ണ സജ്ജം. ഇതില്‍ 11 എണ്ണം പ്രശ്‌ന ബാധിത ബൂത്തുകളാണ്. പോളിങ് സാമഗ്രികള്‍ ചുങ്കത്തറ മാര്‍തോമ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചയോടെ തന്നെ പോളിങ് സ്റ്റേഷനുകളില്‍ എത്തിയിരുന്നു.
അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ നേരിട്ട് ഇടപെട്ട് നടപടികള്‍ സ്വീകരിക്കും. 14 പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയുടെ നീരീക്ഷണമുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
നിലമ്പൂരില്‍ വോട്ടെണ്ണിക്കഴിഞ്ഞാല്‍ ആര്യാടന്‍ ഷൗക്കത്തിന് കഥയെഴുതാനും എം.സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍ പ്രതികരിച്ചു.. ഞാന്‍ നിയമസഭയിലേക്ക് പോകും. രാഷ്ട്രീയം പറയാതെ സിനിമ ഡയലോഗാണ് യുഡിഎഫ് സ്ഥാനാര്‍ഥി മണ്ഡലത്തില്‍ പറഞ്ഞത്. ജനങ്ങളുടെ വിഷയങ്ങള്‍ രണ്ട് മുന്നണികളും അവഗണിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.