Breaking NewsLead NewsNEWSWorld

ദൈവ നാമത്തില്‍ യുദ്ധം ആരംഭിക്കുന്നു, ദയ കാണിക്കില്ലെന്നും ഖമനേയി; ഹൈപ്പര്‍സോണിക് മിസൈലുകളും ഇറാന്‍ തൊടുത്തു

ടെല്‍ അവീവ്: യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ദൈവത്തിന്റെ നാമത്തില്‍ യുദ്ധം ആരംഭിക്കുന്നുവെന്നും ശക്തമായ മറുപടി നല്‍കുമെന്നുമാണ് മുന്നറിയിപ്പ്. എക്‌സിലൂടെയാണ് ആയത്തുള്ള അലി ഖമനേയി രംഗത്തെത്തിയത്.

‘ദൈവത്തിന്റെ നാമത്തില്‍, യുദ്ധം ആരംഭിക്കുന്നു.’- എന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്. ഇസ്രയേലിനെതിരെ ശക്തമായ മറുപടി നല്‍കുമെന്നും ഒരു ദയയും കാണിക്കില്ലെന്നും പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Signature-ad

ഇസ്രയേലിനെതിരായ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഖമനേയിയുടെ മുന്നറിയിപ്പ്. ഇറാന്‍ ഇസ്രായേലിലേക്ക് ഡ്രോണാക്രമണവും നടത്തി. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടിയോ അതില്‍ കൂടുതലോ വേഗതയില്‍ (മാക് 5ന് മുകളില്‍) സഞ്ചരിക്കാന്‍ കഴിവുള്ള ആധുനിക ആയുധ സംവിധാനമാണ് ഹൈപ്പര്‍ സോണിക് മിസൈല്‍. അതിവേഗതയും പറക്കുമ്പോള്‍ ദിശ മാറ്റാനുള്ള കഴിവുമാണ് സാധാരണ മിസൈലുകളില്‍നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്.

ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, പടിഞ്ഞാറന്‍ ഇറാനിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ ടെഹ്‌റാനിലും വന്‍സ്‌ഫോടനങ്ങളുണ്ടായി. ഇറാന്‍ സേനയുടെ യുദ്ധ കമാന്‍ഡറായി നാലുദിവസം മുന്‍പ് നിയമിതനായ അലി ഷദ്മാനിയെ കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.

ഖമനേയിയുടെ അടുത്ത സൈനിക ഉപദേഷ്ടാവായിരുന്നു ഷദ്മാനി. ഷദ്മാനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ അലി ഷദ്മാനിയുടെ മുന്‍ഗാമിയായ മേജര്‍ ജനറല്‍ ഗൊലാം അലി റാഷിദിനെ ഇസ്രയേല്‍ വധിച്ചിരുന്നു.

 

Back to top button
error: