Breaking NewsCrimeLead NewsNEWS

അവശയായ മൈസൂര്‍കാരിയെ റോഡില്‍ ഉപേക്ഷിച്ച് മുങ്ങി, ടയര്‍ പഞ്ചറായതോടെ കുടുങ്ങി; വന്നത് 3 മലയാളികള്‍ക്കൊപ്പം യുവതി

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴ എലോക്കരയില്‍ മൈസൂരു സ്വദേശിയായ യുവതിയെ വഴിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് നാട്ടുകാര്‍ യുവതിയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ കൂടത്തായി സ്വദേശി മുഹമ്മദ് നിസാ(31)മിനെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ നിസാം ഈങ്ങാപ്പുഴയില്‍ ഇറക്കിവിടുന്നത് ഒരു ഓട്ടോഡ്രൈവര്‍ കണ്ടിരുന്നു. യുവതിയെ ഇറക്കിവിട്ടശേഷം യാത്രതുടര്‍ന്ന നിസാം ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് എലോക്കരയിലെ ടയര്‍കടയില്‍ വാഹനവുമായെത്തി. ടയര്‍ മാറ്റിയെങ്കിലും കൈയില്‍ പണം ഇല്ലാത്തതിനാല്‍ ഗൂഗിള്‍പേ വഴി പണം അയച്ചുതരാന്‍ സുഹൃത്തുക്കളെ വിളിച്ചു. തുടര്‍ന്ന് പണം അയച്ചുകിട്ടാന്‍ കാത്തിരിക്കുന്നതിനിടെയാണ് നേരത്തേ സംഭവം കണ്ട ഓട്ടോഡ്രൈവര്‍ നിസാമിന്റെ വാഹനം തിരിച്ചറിഞ്ഞത്. ഇതോടെ പോലീസെത്തി നിസാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Signature-ad

അതേസമയം, യുവതിയെ കാറില്‍ കയറ്റിയത് താമരശ്ശേരി ടൗണില്‍നിന്നാണെന്നാണ് നിസാമിന്റെ മൊഴി. താമരശ്ശേരിവരെ യുവതിയെ എത്തിച്ചത് മറ്റൊരാളാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മലയാളികളായ മൂന്നുപേര്‍ക്കൊപ്പമാണ് വന്നതെന്ന് മൈസൂരു സ്വദേശിയായ യുവതിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Back to top button
error: