വിശ്വസ്തര്‍ ഒന്നൊന്നായി വീണു; അധികാരത്തിന്റെ അകളത്തളത്തില്‍ ഒറ്റപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ്; ഖൊമേനിയുടെ ആന്തരിക വൃത്തങ്ങളിലെ വിടവ് രൂക്ഷം; മകന്റെ തീരുമാനങ്ങള്‍ നിര്‍ണായകം; ഇസ്രയേല്‍ ആക്രമണത്തില്‍ ഉലഞ്ഞ് ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’; തീരുമാനങ്ങളില്‍ പിഴവുണ്ടാകാന്‍ കൂടുതല്‍ സാധ്യതയെന്നും മുന്നറിയിപ്പ്
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ സാഹചര്യത്തെയാണ് ഖൊമേനി അഭിമുഖീകരിക്കുന്നത്. ഇറാന്‍ നേതാവുമായി വ്യക്തിപരമായി അടുപ്പമുള്ള ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ല കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയും സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിനെ ഡിസംബറില്‍ വിമതര്‍ അട്ടിമറിക്കുകയും ചെയ്തത് ഖൊമേനിയുടെ ചിറകരിയുന്നതിനു തുല്യമായിരുന്നു.

ദുബായ്/ലണ്ടന്‍ (റോയിട്ടേഴ്സ്): വിശ്വസ്തരെ ഒന്നൊന്നായി ഇസ്രായേല്‍ ഇല്ലാതാക്കിയതിനു പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി ചരിത്രത്തില്‍ ഇന്നുവരെ അനുഭവിക്കാത്ത ഏകാന്തതയിലെന്നു വിശ്വസ്തരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. വെള്ളയാഴ്ച ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെ പ്രധാന സൈനിക, സുരക്ഷാ ഉപദേഷ്ടാക്കള്‍ കൊല്ലപ്പെട്ടു. എണ്‍പത്താറുകാരനായ ഖൊമേനിയുടെ ആന്തരിക വൃത്തങ്ങളിലുണ്ടാക്കിയ വിടവ് രൂക്ഷമാണെന്നും നയതന്ത്രപരമായി പിഴവുകള്‍ പറ്റാനുള്ള സാധ്യത കൂടുതലാണെന്നും ഖൊമേനിയുടെ തീരുമാനമെടുക്കല്‍ പ്രക്രിയകളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള അഞ്ചുപേര്‍ വെളിപ്പെടുത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിലൊരാള്‍ ഖൊമേനിയുമായി പതിവു കൂടിക്കാഴ്ചകള്‍ നടത്തുന്നയാളാണെന്നും വാര്‍ത്താ ഏജന്‍സി അവകാശപ്പെടുന്നു. പ്രതിരോധം, ആഭ്യന്തര സ്ഥിരത എന്നീ വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വലിയ പിഴവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ സാഹചര്യം അങ്ങേയറ്റം അപകടകരമാണെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.

ഇറാന്റെ പരമോന്നത സൈന്യമായ റവല്യൂഷനറി ഗാര്‍ഡ്‌സിലെ ഖൊമേനിയുടെ വിശ്വസ്തരാണ് ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഇല്ലാതായത്. നയതന്ത്ര വിഷയങ്ങളില്‍ നിര്‍ണായക ഉപദേശങ്ങള്‍ നല്‍കിയിരുന്ന വിശ്വസ്തരും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു. ഗാര്‍ഡ്‌സിന്റെ പരമോന്നത നേതാവ് ഹൊസൈന്‍ സലാമി, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കു നേതൃത്വം നല്‍കിയ എയറോസ്‌പേസ് മേധാവി അമീര്‍ അലി ഹാജിസാദെ, ചാരപ്പണികളുടെ ആസൂത്രകന്‍ മുഹമ്മദ് കസെമി എന്നിവരടക്കം കൊല്ലപ്പെട്ടു. നാലുദിവസം മുമ്പ് നിയമിക്കപ്പെട്ട ആമിര്‍ ഹതാമിയും ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ടെന്നാണു വിവരം.
ഗാര്‍ഡ്‌സ് കമാന്‍ഡര്‍മാര്‍, പുരോഹിതര്‍, രാഷ്ട്രീയക്കാര്‍ എന്നിവരടങ്ങുന്ന ഇരുപതോളം ഉപദേശകര്‍ പരമോന്നത നേതാവിന്റെ അടുത്ത വൃത്തങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഖൊമേനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന മൂന്നുപേരെ ഇസ്രയേല്‍ വധിച്ചു. നിലവില്‍ ഖൊമേനിയുടെ കൂടിക്കാഴ്ചകളില്‍ ശക്തമായ ആശയക്കുഴപ്പം നിലനില്‍ക്കുന്നെന്നും മരിച്ചവരെല്ലാം ഇറാനോടും പരമോന്നത നേതാവിനോടും അചഞ്ചലമായ കൂറു കാട്ടിയിരുന്നവരായിരുന്നെന്നും സോഴ്‌സുകള്‍ വെളിപ്പെടുത്തി. ഖൊമേനിക്ക് ഒറ്റയ്ക്കു യുദ്ധരംഗത്തു തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ല. വിശ്വസ്തരുടെ ഉപദേശങ്ങള്‍ക്കനുസരിച്ചാണ് അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നത്. ചിറകുകള്‍ എല്ലാം ഇസ്രയേല്‍ അരിഞ്ഞുമാറ്റിയതും പുതുതായി നിയമിക്കപ്പെടാന്‍ സാധതയുള്ളവരെല്ലാം ഇസ്രയേലിന്റെ റഡാറിലാണെന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു.
ഠ കരുത്തു ചോര്‍ന്ന് പരമോന്നത നേതാവ്
1979ലെ വിപ്ലവത്തിനു മുമ്പ് ജയിലിലായിരുന്ന ഖൊമേനിക്ക് 1989ല്‍ നേതാവാകുന്നതിനുമുമ്പ് ബോംബാക്രമണത്തില്‍ അംഗഭംഗം സംഭവിച്ചു. എങ്കിലും ഇറാന്റെ ഭരണസംവിധാനം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളോടുള്ള വിശ്വാസമില്ലായ്മയും ഖൊമേനി എപ്പോഴും വ്യക്തമാക്കിയിരുന്നു. ‘ഇസ്രയേലിന്റെ മരണ’മാണ് ലക്ഷ്യമെന്നു പ്രതിജ്ഞയെടുത്തയാളുകൂടിയാണ് അദ്ദേഹം. ഇറാന്‍ ഭരണഘടനയനുസരിച്ച് സായുധസേനയുടെ പരമോന്ന കമാന്‍ഡറാണ് ഖൊമേനി. യുദ്ധം പ്രഖ്യാപിക്കാനും സൈനിക കമാന്‍ഡര്‍മാരെ പിരിച്ചുവിടാനും ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന വ്യക്തികളെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരവും ഖൊമേനിക്കുണ്ട്.
പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനങ്ങളിലെല്ലാം വിശ്വസ്തരില്‍നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കാറുണ്ട്. വൈവിധ്യമാര്‍ന്ന വീക്ഷണകോണുകളിലൂടെ പ്രശ്‌നത്തെ സമീപിക്കാന്‍ അദ്ദേഹത്തെ സഹായിച്ചിരുന്നത് ഇപ്പോള്‍ കൊല്ലപ്പെട്ടവരാണെന്നും സോഴ്‌സ് വെളിപ്പെടുത്തി. ഖൊമേനിയെക്കുറിച്ച് രണ്ടു കാര്യങ്ങള്‍ പറയാന്‍ കഴിയും:- അദ്ദേഹം അങ്ങേയറ്റം ശാഠ്യക്കാരനാണ്. അതുപോലെതന്നെ ജാഗ്രവത്തുമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇത്രകാലം അധികാരത്തിലിരിക്കുന്നതെന്ന് വാഷിംഗ്ടണിലെ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇറാന്‍ പ്രോഗ്രാം വിദഗ്ധന്‍ അലക്‌സ് വതാങ്ക പറഞ്ഞു.
പ്രക്ഷോഭങ്ങളെ റവല്യൂഷനറി ഗാര്‍ഡ്‌സിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ഖൊമേനി എല്ലാക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്്. 1999, 2009, 2022 എന്നീ കാലങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ അദ്ദേഹം ഇല്ലാതാക്കി. റവല്യൂഷനറി ഗാര്‍ഡ്‌സിനൊപ്പം അതിന്റെ അനുബന്ധമായ ബാസിജ് മിലഷ്യയെയും ഖൊമേനി വിന്യസിച്ചിട്ടുണ്ട്. എല്ലാക്കാലത്തും പ്രതിഷേധങ്ങളെ അതിജീവിക്കാന്‍ ഇറാനു കഴിഞ്ഞിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി തുടരുന്ന പാശ്ചാത്യ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര അസ്വസ്ഥതകള്‍ മൂര്‍ഛിച്ചിട്ടുണ്ടെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു. സമാനമായൊരു യുദ്ധത്തിന്റെ ഘട്ടത്തിലൂടെ ഖൊമേനി ഇതിനുമുമ്പ് കടന്നുപോയിട്ടില്ല. ഇറാന്റെ ആണവ പദ്ധതികളെയും ഉന്നത ഉദ്യോഗസ്ഥരെയുമാണ് ഇസ്രായേല്‍ ഒറ്റയടിക്ക് ഇല്ലാതാക്കിയത്.
ഠ ഖൊമേനിക്കൊപ്പമുള്ളവര്‍
അപ്പോഴും ഇതുവരെ ഇസ്രായേലിന് വധിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വ്യക്തികള്‍ ഇപ്പോഴും ഖൊമേനിക്കൊപ്പമുണ്ട്. നിലവില്‍ ഖൊമേനിയുടെ മകന്‍ മോജ്തബ ഇരുപതു വര്‍ഷമായി റവല്യൂഷനറി ഗാര്‍ഡ്‌സിനെ നിയന്ത്രിക്കുന്നുണ്ട്. ഇറാന്റെ രാഷ്ട്രീയ, സുരക്ഷാ സംവിധാനങ്ങളിലും ഇദ്ദേഹത്തിനു നിര്‍ണായക സ്വാധീനമുണ്ട്. രാഷ്ട്രീയ- സുരക്ഷാ കാര്യങ്ങളുടെ ഡെപ്യൂട്ടി അലി അസ്ഗര്‍ ഹെജാസി, ഏറ്റവും ശക്തനായ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. ഖൊമേനിയുടെ ഓഫീസ് മേധാവി മുഹമ്മദ് ഗോള്‍പയേഗാനി, മുന്‍ വിദേശകാര്യ മന്ത്രിയായ അലി അക്ബര്‍ വെലായതി, കമാല്‍ ഖരാസി, മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി എന്നിവര്‍ ആണവ തര്‍ക്കം പോലുള്ള നയതന്ത്ര, ആഭ്യന്തര നയ വിഷയങ്ങളില്‍ വിശ്വസ്തരായി തുടരുന്നു. പരമോന്നത നേതാവായി അധികാരമേറ്റതിനുശേഷം ആദ്യമായി എല്ലാ തീരുമാനങ്ങളുടെയും കേന്ദ്രബിന്ദുവായി ഒരിക്കല്‍കൂടി ഖൊമേനി മാറിയിട്ടുണ്ട്. ഇതുവരെ കൂട്ടായ ആലോചനകളിലൂടെ നടന്നിരുന്ന തന്ത്രപരമായ തീരുമാനങ്ങളിലും ആഭ്യന്തര സുരക്ഷയിലും റവല്യൂഷനറി ഗാര്‍ഡ്‌സ് കൂടുതലായി ഖൊമേനിയെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്.
ഒടുവില്‍ മൗനം വെടിഞ്ഞ് ദസോ സിഇഒ; റഫാല്‍ വിമാനങ്ങള്‍ പാകിസ്താന്‍ വെടിവച്ചിട്ടെന്ന ആരോപണം തെറ്റ്; യുദ്ധരംഗത്ത് റഫാലിനെ വെല്ലാന്‍ ചൈനയ്ക്കാവില്ല; ഏക്സ്‌ക്ലൂസീവ് അഭിമുഖം പുറത്തുവിട്ട് ഫ്രഞ്ച് മാസിക; നിരവധി ദൗത്യങ്ങള്‍ ഒറ്റയടിക്ക് ഏറ്റെടുക്കാന്‍ റഫാല്‍ മാത്രം
തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ കീഴിലുള്ള പ്രതിരോധ മന്ത്രാലയത്തിനു കീഴിലാണ് ഇറാന്റെ സാധാരണ സൈനിക കമാന്‍ഡ് ഉള്ളത്. പക്ഷേ, റവല്യൂഷനറി ഗാര്‍ഡുകള്‍ ഖൊമേനിക്കാണ് നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈന്യത്തേക്കള്‍ അധികമായി ഗാര്‍ഡ്‌സിന്റെ കര, വ്യോമ, കടല്‍ സൈന്യത്തിന് ഏറ്റവും മികച്ച ആയുധങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഇതിലാണ് ഇസ്രയേല്‍ ഏറ്റവും കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയത് എന്നതാണ് ഇപ്പോള്‍ ഖൊമേനി നേരിടുന്ന പ്രശ്‌നം.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ സാഹചര്യത്തെയാണ് ഖൊമേനി അഭിമുഖീകരിക്കുന്നത്. ഇറാന്റെ നേതൃത്വത്തിലുള്ള വിഖ്യാതമായ ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ തകര്‍ക്കാന്‍ ഇക്കാലത്തിനിടെ ഇസ്രയേലിനു കഴിഞ്ഞു. ഇത് ഖൊമേനിയെ കൂടതല്‍ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ഇറാന്‍ നേതാവുമായി വ്യക്തിപരമായി അടുപ്പമുള്ള ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ല കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയും സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിനെ ഡിസംബറില്‍ വിമതര്‍ അട്ടിമറിക്കുകയും ചെയ്തത് ഖൊമേനിയുടെ ചിറകരിയുന്നതിനു തുല്യമായിരുന്നു.