
വാഷിങ്ടന്‍: ഏതെങ്കിലും തരത്തില്‍ യുഎസിനുനേരെ ആക്രമണമുണ്ടായാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പു നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ യുഎസിന് ഒരു പങ്കുമില്ലെന്നും തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു.
‘കഴിഞ്ഞദിവസം രാത്രി ഇറാനുനേരെ നടന്ന ആക്രമണത്തില്‍ യുഎസിന് യാതൊരു പങ്കുമില്ല. എന്നാല്‍ ഇറാന്‍ ഏതെങ്കിലും തരത്തില്‍ ഞങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയാല്‍ ഇതുവരെ കാണാത്ത തരത്തില്‍ യുഎസ് സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും കരുത്തും പ്രയോഗിച്ചു തിരിച്ചടിക്കും.’ട്രംപ് പറഞ്ഞു. ഇറാനെയും ഇസ്രയേലിനെയും ഉടമ്പടിയില്‍ ഒപ്പുവപ്പിച്ച് ഈ രക്തരൂഷിത യുദ്ധം അവസാനിപ്പിക്കാന്‍ ഇപ്പോഴും വളരെയെളുപ്പത്തില്‍ യുഎസിന് കഴിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. നേരത്തെ ഇറാന്റെ എണ്ണപ്പാടങ്ങളിലും മിസൈല്‍ കേന്ദ്രങ്ങളിലും ആയുധ സംഭരണശാലകളിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ടെല്‍ അവീവ് അടക്കമുള്ള ഇസ്രയേല്‍ നഗരങ്ങളില്‍ ഇറാനും മിസൈലാക്രമണം നടത്തി. ഇറാന്‍ അയച്ച 7 ഡ്രോണുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇരുരാജ്യങ്ങളിലുമായി ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ആക്രമണങ്ങളില്‍ അനേകം കെട്ടിടങ്ങളും തകര്‍ന്നു.