IndiaNEWS

സാക്ഷിമൊഴി ഹിന്ദിയില്‍; മയക്കുമരുന്ന് കേസിലെ പ്രതിയെ തമിഴ്നാട്ടിലെ കോടതി വെറുതെവിട്ടു

ചെന്നൈ: നിര്‍ണായക തെളിവായ സാക്ഷിമൊഴി ഹിന്ദിയില്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് മയക്കുമരുന്നു കേസ് പ്രതിയെ തമിഴ്‌നാട്ടിലെ കോടതി വെറുതേവിട്ടു. ഇംഗ്ലീഷോ തമിഴോ തര്‍ജമയില്ലാതെ സമര്‍പ്പിച്ച മൊഴി വായിച്ചു മനസ്സിലാക്കാനാവില്ലെന്നതും അന്വേഷണത്തിലെ പാളിച്ചകളും ചൂണ്ടിക്കാണിച്ചാണ് മയക്കുമരുന്നു കേസുകള്‍ കൈകാര്യം ചെയ്യുന്ന ചെന്നൈയിലെ പ്രത്യേക കോടതി ജഡ്ജി എസ്. ഗോവിന്ദരാജന്‍ പ്രതിയെ കുറ്റവിമുക്തനാക്കിയത്.

കൂറിയറില്‍ അയച്ച പാവകള്‍ക്കുള്ളില്‍ 4.6 കിലോഗ്രാം ഹാഷിഷ് ഒളിച്ചുകടത്തിയെന്ന കേസില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റുചെയ്ത കൊല്‍ക്കത്ത സ്വദേശി നാഗ് നാരായണ്‍ പ്രസാദാണ് പ്രോസിക്യൂഷന്റെ വീഴ്ചകാരണം ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടത്. ചെന്നൈയ്ക്കടുത്ത് ഇക്കാട്ടുതങ്കളില്‍നിന്ന് 2021-ലാണ് ബംഗാളിയായ ഒരാളുടെ വിലാസത്തില്‍ അയക്കാന്‍ നല്‍കിയ കൂറിയറില്‍നിന്ന് മയക്കുമരുന്നു കണ്ടെത്തിയത്. എക്സ്‌റേ പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് എന്‍സിബി വിദഗ്ധപരിശോധന നടത്തി, ഹാഷിഷാണെന്ന് സ്ഥിരീകരിച്ചു.

Signature-ad

കൂറിയര്‍ സ്ഥാപനത്തിലെ രഞ്ജിത് സിങ് എന്നയാളുടെ മൊഴി പ്രകാരമാണ് നാഗ് നാരായണ്‍ പ്രസാദിനെ അറസ്റ്റുചെയ്തത്. കൂറിയര്‍ അയച്ചത് ഇയാളാണെന്നാണ് മൊഴിയെങ്കിലും രസീതില്‍ പ്രസാദിന്റെ പേരോ വിലാസമോ ഇല്ലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയെങ്കിലും അത് സാക്ഷ്യപ്പെടുത്തുകയോ തിരിച്ചറിയല്‍ പരേഡ് നടത്തുകയോ ചെയ്തില്ല. പ്രസാദിന്റെ പക്കല്‍നിന്ന് മയക്കുമരുന്ന് കണ്ടെത്താനായതുമില്ല.

പ്രതിക്കെതിരേയുള്ള ഏക തെളിവായ സാക്ഷിമൊഴി ഹിന്ദിയിലാണ് രേഖപ്പെടുത്തിയത്. ഇംഗ്ലീഷിലേക്കോ തമിഴിലേക്കോ തര്‍ജമ ചെയ്യാതെയാണ് അത് ഹാജരാക്കിയത്. ഇതെല്ലാം പരിഗണിച്ചാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്.

Back to top button
error: