
എറണാകുളം: മൂവാറ്റുപുഴ കല്ലൂര്‍ക്കാട് എസ്ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ മൂന്ന് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഇവരാണെന്നാണ് സൂചന. എസ്ഐയെ ആക്രമിക്കാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളായ തൊടുപുഴ സ്വദേശികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
എറണാകുളം റൂറല്‍ പൊലീസ് പരിധിയില്‍ കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.എം. മുഹമ്മദിന് (55) ആണ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. വലത്കാലിനും തോളിനും സാരമായി പരിക്കേറ്റു. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്ഐയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

കല്ലൂര്‍ക്കാട്-നാഗപ്പുഴ-തൊടുപുഴ റോഡില്‍ വഴിയാംചിറ ഭാഗത്ത് ഇന്നലെ വൈകിട്ട് 4.15നായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന എസ്ഐ റോഡിന് സമീപം ആളൊഴിഞ്ഞ ഭാഗത്ത് കിടന്ന സാന്‍ട്രോ കാറിന് മുന്നില്‍ പൊലീസ് ജീപ്പ് നിറുത്തിയിട്ട് യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് താക്കോല്‍ ഊരിയെടുക്കാന്‍ എസ്ഐ ശ്രമിച്ചപ്പോള്‍ പെട്ടെന്ന് പിന്നോട്ടെടുത്ത കാര്‍ മുഹമ്മദിന്റെ പാദത്തിലൂടെ കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. നിലത്ത് വീണ മുഹമ്മദിന് ദേഹത്തും പരിക്കേറ്റു.
ഒപ്പമുണ്ടായിരുന്ന സീനിയര്‍ സി.പി.ഒ ജിബി അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെത്തി കല്ലൂര്‍ക്കാട് അഗ്‌നിശമന സേനയുടെ ആംബുലന്‍സിലാണ് എസ്ഐയെ ആശുപത്രിയില്‍ എത്തിച്ചത്. മയക്കുമരുന്ന് വിതരണവുമായി ബന്ധമുള്ള രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് സൂചന. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതായും സംശയിക്കുന്നു. വധശ്രമത്തിന് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.