Breaking NewsIndiaLead NewsNEWSSocial MediaTRENDINGWorld

എയര്‍ ഇന്ത്യ വിമാന ദുരന്തം: ബോയിംഗ് ഡ്രീംലൈനറിന്റെ അറ്റകുറ്റപ്പണി നടത്തിയത് തങ്ങളല്ലെന്ന് തുര്‍ക്കി കമ്പനി; ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; ‘ആരാണു നടത്തിയത് എന്നറിയാം, അതേക്കുറിച്ച് പറയുന്നില്ല’; സെലബി ഏവിയേഷനെ വിലക്കിയതിനു പിന്നാലെ വീണ്ടും ആരോപണം

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ വന്‍ ദുരന്തത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ അറ്റകുറ്റപ്പണിയില്‍ വീഴ്ച വരുത്തിയെന്ന ആരോപണം നിഷേധിച്ച് തുര്‍ക്കി. ബോയിംഗ് 787-8 ഡ്രീം ലൈനറിന്റെ അറ്റകുറ്റപ്പണിയില്‍ തങ്ങളുടെ കമ്പനിക്കു പങ്കില്ലെന്ന് തുര്‍ക്കിയിലെ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിസ്ഇന്‍ഫോര്‍മേഷന്‍ അറിയിച്ചു.

ഇന്ത്യ- തുര്‍ക്കി ബന്ധം വഷളാക്കുന്നതിന് ഉദ്യേശിച്ചുള്ള പ്രചാരണമാണെന്നും തകര്‍ന്നുവീണ വിമാനം തുര്‍ക്കിഷ് കമ്പനിയാണു പരിപാലിച്ചതെന്ന വാദം തെറ്റാണെന്നും അവര്‍ പറഞ്ഞു. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദില്‍ തകര്‍ന്ന് 241 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണു തുര്‍ക്കിക്കെതിരേ ആരോപണം ഉയര്‍ന്നത്. ഇതിനു പിന്നാലെ ‘എക്‌സി’ല്‍ വിശദീകരണവുമായി കമ്പനി രംഗത്തെത്തുകയായിരുന്നു.

Signature-ad

വ്യാഴാഴ്ച ഉച്ചയ്ക്ക് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അഹമ്മദാബാദില്‍ നിന്നുള്ള വിമാനം ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ സമുച്ചയത്തിന്റെ പരിസരത്ത് ഇടിച്ചുകയറി. ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

‘2024 ലും 2025 ലും എയര്‍ ഇന്ത്യയും ടര്‍ക്കിഷ് ടെക്നിക്കും തമ്മില്‍ ഉണ്ടാക്കിയ കരാറുകള്‍ പ്രകാരം, ബി-777 ടൈപ്പ് വൈഡ്-ബോഡി വിമാനങ്ങള്‍ക്ക് മാത്രമായി അറ്റകുറ്റപ്പണി സേവനങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍, അപകടത്തില്‍പ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനര്‍ ഈ കരാറിന്റെ പരിധിയില്‍ വരുന്നതല്ല. ഇന്നുവരെ, ഇത്തരത്തിലുള്ള എയര്‍ ഇന്ത്യ വിമാനത്തിനും ടര്‍ക്കിഷ് ടെക്‌നിക്ക് അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നും’ സോഷ്യല്‍ മീഡിയയില്‍ നല്‍കിയ വിശദീകരണ കുറിപ്പില്‍ പറഞ്ഞു.

തകര്‍ന്ന വിമാനത്തിന്റെ ഏറ്റവും പുതിയ അറ്റകുറ്റപ്പണി നടത്തിയ കമ്പനിയെക്കുറിച്ച് അറിയാം. എന്നാല്‍, ഇതേക്കുറിച്ചു കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും തങ്ങളുടെ പരിധിക്ക് അപ്പുറത്താണെന്നും ടര്‍ക്കിഷ് ടെക്‌നിക് പറഞ്ഞു. ‘അന്താരാഷ്ട്ര വേദിയില്‍ തുര്‍ക്കിയെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ മുന്‍നിര ബ്രാന്‍ഡുകളുടെ പ്രശസ്തിയെ ലക്ഷ്യം വച്ചുള്ള ശ്രമങ്ങളെ തുടര്‍ന്നും നിരീക്ഷിക്കും. ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തുര്‍ക്കിയെയിലെ ജനങ്ങള്‍ എന്ന നിലയില്‍, ഈ ദാരുണമായ വിമാനാപകടത്തില്‍ ഇന്ത്യന്‍ ജനതയുടെ ദുഃഖത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നെന്നും അവര്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരില്‍ തുര്‍ക്കി പാകിസ്ഥാനെ പിന്തുണച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിലെ സേവനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഒരു തുര്‍ക്കി സ്ഥാപനത്തിന് സുരക്ഷാ അനുമതി നഷ്ടപ്പെട്ടതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ പ്രസ്താവന വരുന്നത്.

മെയ് 15 ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഒരു ഉത്തരവില്‍ സെലെബി ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ അനുമതി ‘ദേശീയ സുരക്ഷയുടെ താല്‍പ്പര്യാര്‍ത്ഥം ഉടനടി റദ്ദാക്കി’ എന്നു വ്യക്തമാക്കിയിരുന്നു. മെയ് എട്ടിനു പാകിസ്താന്‍ ഇന്ത്യയിലേക്ക് അയച്ച ഡ്രോണുകളും ആളില്ലാ വിമാനങ്ങളും തുര്‍ക്കി നിര്‍മിതമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നിരവധി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ പശ്ചിമേഷ്യന്‍ രാജ്യത്തേക്കുള്ള യാത്രകള്‍ റദ്ദാക്കി.

 

Back to top button
error: