ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേല്‍; പിന്നാലെ തിരിച്ചടി, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം, ഇസ്രയേലി യുദ്ധവിമാനങ്ങള്‍ തകര്‍ത്തു?

ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം നടത്തിയതായി ‘ബിബിസി’ റിപ്പോര്‍ട്ട്. തെക്കന്‍ ടെഹ്‌റാനിലെ ആണവകേന്ദ്രത്തിനു സമീപം രണ്ട് സ്‌ഫോടനങ്ങളുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. അതേസമയം, ഇറാനും പ്രത്യാക്രമണം നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചതായാണ് വിവരം. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ഇസ്രയേലിന്റെ പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇത് ഇസ്രയേലിന്റെ സൈനിക വക്താവ് നിഷേധിച്ചു. ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പറഞ്ഞു. ഇതിനിടെ ഇസ്രയേലിലേക്ക് ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തി. വീടുകളില്‍ തന്നെ കഴിയണമെന്നും പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങള്‍ക്ക് ഇസ്രയേല്‍ നിര്‍ദേശം നല്‍കി.

വ്യാഴാഴ്ച രാത്രി ഇറാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം 6 സ്‌ഫോടനങ്ങള്‍ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ തുടരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആണവ പദ്ധതി സംബന്ധിച്ച് എത്രയുംവേഗം ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമതും ഇസ്രയേല്‍ ഇറാന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയത്. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ സമിതിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചര്‍ച്ച നടത്തും.