Breaking NewsLead NewsSportsTRENDING

സഞ്ജു കലിഫോര്‍ണിയയില്‍; ചെന്നൈ ടീമിന്റെ ഉടമസ്ഥതയിലുള്ള ടെക്‌സസ് സൂപ്പര്‍ കിങ്‌സിന്റെ മത്സരം അവിടെ; സമൂഹ മാധ്യമങ്ങളിലെ ചിത്രങ്ങള്‍ തെളിവാക്കി ആരാധകര്‍; മലയാളി താരം അടുത്ത ഐപിഎല്‍ സീസണില്‍ മഞ്ഞക്കുപ്പായം അണിയുമെന്നും വാദം

കൊച്ചി: രാജസ്ഥാനുമായുള്ള കരാര്‍ അവസാനിപ്പിച്ച് അടുത്ത സീസണില്‍ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈയ്ക്കുവേണ്ടി കളിക്കുമെന്നതിന് കൂടുതല്‍ തെളിവുമായി ആരാധകര്‍. സഞ്ജു നിലവില്‍ അമേരിക്കയിലെ കലിഫോര്‍ണിയയിലാണെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥതയിലുള്ള ടെക്‌സസ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം അവിടെയാണെന്നുമാണ് കണ്ടെത്തല്‍. സഞ്ജു പോസ്റ്റ് ചെയ്ത ചിത്രങ്ങളും ആരാധകര്‍ തെളിവായി നിരത്തുന്നു.

കലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് എത്തുന്നെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സഞ്ജു പങ്കുവച്ചെന്നു സമൂഹമാധ്യമങ്ങളിലെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചൂണ്ടിക്കാട്ടിയാണു വാദിക്കുന്നത്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇതിനു തെളിവായി അവര്‍ നിരത്തുന്നത്. ജൂണ്‍ 13ന് യുഎസിലെ വിവിധ നഗരങ്ങളിലായി ആരംഭിക്കുന്ന മേജര്‍ ക്രിക്കറ്റ് ലീഗുമായാണ് ആരാധകര്‍ ഇതിനെ ബന്ധിപ്പിക്കുന്നത്.

Signature-ad

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമകളുടെ സ്വന്തം ടെക്‌സസ് സൂപ്പര്‍ കിങ്‌സ് മേജര്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്നുണ്ട്. അവരുടെ ആദ്യ മത്സരം എംഐ ന്യൂയോര്‍ക്കിനെതിരെ ജൂണ്‍ 14നാണ്. ഈ മത്സരത്തിന്റെ വേദി കലിഫോര്‍ണിയയിലെ തന്നെ മറ്റൊരു നഗരമായ ഓക്ലന്‍ഡ് ആണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇതെല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു തന്നെയാണെന്ന് അവര്‍ ഉറപ്പിക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ സഞ്ജു പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ കമന്റ് സെക്ഷനില്‍ നിറയെ താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള കമന്റുകളാണ്. കഴിഞ്ഞ ദിവസം ഭാര്യ ചാരുലത സാംസണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു കുറിച്ച ക്യാപ്ഷനും താരം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

ഇരുവരും ഒന്നിച്ച് റോഡ് മുറിച്ചുകടക്കുന്നതു പോലുള്ള ചിത്രമാണ് ഇത്. ചിത്രത്തിനൊപ്പം ‘ടൈം ടു മൂവ്’ എന്ന് കുറിച്ചതോടെയാണ് താരം ചെന്നൈയിലേക്ക് വരുന്നുവെന്ന പ്രചാരണം ആരംഭിച്ചത്.റോഡിലെ മഞ്ഞലൈന്‍ മുറിച്ചുകടക്കുന്ന ചിത്രത്തിന് ‘ടൈം ടു മൂവ്’ എന്ന് ക്യാപ്ഷന്‍ നല്‍കിയത് ചെന്നൈയിലേക്കുള്ള വരവിന്റെ വ്യക്തമായ സൂചനയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ‘ഏഴാം അറിവ്’ എന്ന തമിഴ് ചിത്രത്തിലെ ഗാനം ചേര്‍ത്തതും ചെന്നൈയിലേക്കുള്ള വരവിന്റെ സൂചനയാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Back to top button
error: