ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: ജീവനക്കാര്‍ 1000 മുതല്‍ 60,000 രൂപവരെ അക്കൗണ്ടിലേക്ക് മാറ്റി; രേഖകള്‍ പുറത്ത്

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജീവനക്കാര്‍ പണം മാറ്റിയതിന്റെ രേഖകള്‍ പുറത്ത്. 1000 മുതല്‍ 60,000 രൂപ വരെ സ്വന്തം അക്കൗണ്ടുകളിലേക്ക് ജീവനക്കാര്‍ മാറ്റിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഡിജിറ്റല്‍ പണമിടപാട് രേഖകള്‍ മീഡിയവണിന് ലഭിച്ചു.
അതേസമയം, കേസില്‍ ജീവനക്കാരായ ദിവ്യ, വിനീത,രാധകുമാരി എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്. മ്യൂസിയം പൊലീസ് ദിയയുടെ മൊഴി രേഖപ്പെടുത്തി.
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ പേരൂര്‍ക്കടയിലെ സ്ഥാപനത്തിലെ ജീവനക്കാര്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 66 ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടത്തിയെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ കസ്റ്റമേഴ്‌സില്‍ നിന്ന് വാങ്ങിയ തുക എത്രയാണെന്ന് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൊഴി നല്‍കാമെന്ന് അറിയിച്ച മൂന്ന് ജീവനക്കാരും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നില്ല.
തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈം ബ്രാഞ്ചിനു വിട്ടിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയാണ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിക്ക് കൃഷ്ണകുമാര്‍ പരാതി നല്‍കിയിരുന്നു. കൃഷ്ണകുമാറിന്റെ പരാതിയില്‍ എടുത്ത കേസും അദ്ദേഹത്തിനെതിരേ യുവതികളുടെ പരാതിയിലെടുത്ത കേസുമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്.
കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ നടത്തുന്ന ‘ഒ ബൈ ഓസി’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നത്. മൂന്നു വനിതാജീവനക്കാര്‍ ചേര്‍ന്ന് 69 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി.
ഒ ബൈ ഒസി’യിലെ ക്യു ആര്‍ കോഡ് മാറ്റിവെച്ച് പണം തട്ടിയെന്ന ദിയയുടെ പരാതിയെ തുടര്‍ന്നാണ് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിച്ചത്. 2024 ജനുവരി മുതല്‍ 66 ലക്ഷം രൂപയുടെ ഇടപാടുകളാണ് വിനീത, ദിവ്യ, രാധാമണി എന്നിവര്‍ വലിയതുറ എസ്ബിഐ ബാങ്കില്‍ നടത്തിയിട്ടുള്ളത്. ഇതില്‍ ‘ഒ ബൈ ഒസി’യിലെ കസ്റ്റമേഴ്‌സില്‍ നിന്ന് കൈപ്പറ്റിയ പണം എത്രയാണെന്ന് പൊലീസ് പരിശോധിക്കുകയാണ്.






