വാന്‍ഹായിയിലെ തീ നിയന്ത്രണ വിധേയം; കപ്പല്‍ ചെരിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി

കോഴിക്കോട്: ബേപ്പൂര്‍ പുറംകടലില്‍ അപകടത്തില്‍പ്പെട്ട വാന്‍ ഹായ് കപ്പലില്‍ തീ നിയന്ത്രണ വിധേയം.അഞ്ച് കപ്പലുകളും രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററുമാണ് നിലവില്‍ ദൗത്യത്തിലുള്ളത്. കപ്പല്‍ 15 ഡിഗ്രിയോളം ചെരിഞ്ഞ അവസ്ഥയിലാണ്.കപ്പല്‍ ചെരിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ടഗ് ബോട്ടിന്റെ സഹായത്തോടെ കപ്പല്‍ ഉള്‍കടലിലേക്ക് മാറ്റാനാണ് ശ്രമം..
അപകടത്തിന് പിന്നാലെ കാണാതായ നാല് പേര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്. ബേപ്പൂരില്‍ നിന്ന് 162 കിലോമീറ്റര്‍ അകലെ പുറം കടലിലാണ് കപ്പലിന് തീപിടിച്ചത്. കപ്പല്‍ പത്ത് ഡിഗ്രിയിലേറെ ചെരിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീഴാനും താപ, വാതക അപകടങ്ങള്‍ക്കുള്ള സാധ്യതകളും ഏറെയാണ്.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കടലില്‍ വീണ കണ്ടെയ്‌നറുകള്‍ കേരളാ തീരത്ത് എത്താനുള്ള സാധ്യതയില്ലെങ്കിലും മറ്റു കപ്പലുകളില്‍ ഇടിക്കുമോയെന്ന ആശങ്കയുമുണ്ട്. കൊളംബോയില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 22 പേരില്‍ രക്ഷപ്പെടുത്തിയ പതിനെട്ട് പേര്‍ മംഗലൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.