
തിരുവനന്തപുരം: ഓസ്‌ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ക്കായി അസോസിയേഷന്‍ ഓഫ് മൂവി ലവേഴ്‌സ് ഓസ്‌ട്രേലിയ (അംലാ) എന്ന പേരില്‍ പുതിയ കൂട്ടായ്മ നിലവില്‍ വന്നു. ഇതാദ്യമായാണ് കേരളത്തിന് പുറത്ത് മലയാള ചലച്ചിത്ര സംഘടന രൂപീകൃതമാകുന്നത്. ഓസ്‌ട്രേലിയയില്‍ സിനിമയുടെ വിവിധ മേഖലയില്‍ പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളി കലാകാരന്മാരും ചലച്ചിത്ര കലാസ്വാദകരുമാണ് കൂട്ടായ്മയിലെ അംഗങ്ങള്‍.
സിനിമകള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍, നാടകോത്സവം, റിയാലിറ്റി ഷോകൾ, ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവയുടെ നിര്‍മാണം, പ്രദര്‍ശനം എന്നിവയ്ക്ക് പുറമെ ചലച്ചിത്രകലാ പരിശീലനവും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് ഓസ്ട്രേലിയയില്‍ മലയാളം ചലച്ചിത്രോത്സവം സംഘടിപ്പിക്കാനും ‘ആംലാ’ ലക്ഷ്യമിടുന്നു.

കേരളത്തില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ ക്യൂന്‍സ്ലാന്‍ഡിൽ എത്തുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷൻ, ലൈറ്റ് യൂണിറ്റ്, വിവിധ തരം ക്യാമറ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും നല്‍കുക, കേരളത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രവാസി കലാകാരന്മാര്‍ക്കും അവസരം നല്‍കി ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന കുടുംബചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുക എന്നിവയും ‘ആംലാ’ ലക്ഷ്യമിടുന്നു.
ക്വീന്‍സ്ലാന്‍ഡ് ഗോള്‍ഡ്‌കോസ്റ്റില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വച്ചാണ് ആംലാ കൂട്ടായ്മ രൂപീകരിച്ചത്. യോഗത്തില്‍ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് കെ. മാത്യു പ്രസിഡന്റ്, നടിയും നർത്തകിയുമായ ഡോ.ചൈതന്യ ഉണ്ണി സെക്രട്ടറി, നടൻ അഡ്വ. ഷാമോൻ അബ്‍ദുൾ റസാഖ് ട്രഷറർ, സാജു സി.പി വൈസ് പ്രസിഡന്റ് , ജോബിഷ് ലൂക്ക ജോ. സെക്രട്ടറി എന്നിവർക്കൊപ്പം സ്റ്റോറി കോഡിനേറ്റർ ഇന്ദു എം.സുകുമാരൻ, മ്യൂസിക് കോഡിനേറ്റർ തങ്കം ടി.സി, ലൊക്കേഷൻ കോഡിനേറ്റർ ഷാജി തെക്ക്നത്ത്, പോൾ ഷിബു, ഈവന്റ് കോഡിനേറ്റർ ജിബി തോമസ്, ഷീജാ മോൾ സെബാസ്റ്റ്യൻ, മീഡിയ കോഡിനേറ്റർ മോൻസി മാത്യു, പ്രൊഡക്ഷൻ കോഡിനേറ്റർ പൗലോസ് പുന്നോർപ്പിള്ളിൽ, ഫിനാൻസ് കോഡിനേറ്റർ ജയലക്ഷ്മി തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ. അടുത്ത രണ്ട് വർഷത്തേക്ക് ഐക്യകണ്‌ഠേനയാണ് യോഗം ഇവരെ തിരഞ്ഞെടുത്തത്.
രണ്ട് മലയാള സിനിമകളുടെയും ഒരു ഡോക്യൂമെന്ററിയുടെയും ഭാഗമാകാനും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് കൊണ്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും കലാകാരന്മാർക്കും കലാസ്വാദകര്‍ക്കും ഉപകാരപ്രദമായ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും പൊതുയോഗം പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
പി.ആർ സുമേരൻ,
പി.ആർ.ഒ & മാർക്കറ്റിങ് കൺസൾട്ടന്റ്’
കൊച്ചി.
ഫോൺ: 9446190 254