ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു; നാല് വയസുകാരിയെ പീഡിപ്പിച്ച് ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് അയല്‍വാസി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നാലു വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്ത് ശേഷം ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കാണ്‍പൂര്‍ നഗര്‍ ജില്ലയിലെ ഘടംപൂരിലാണ് സംഭവം. വൈകുന്നേരം 5:30 ഓടെ പെണ്‍കുട്ടി അടുത്തുള്ള കടയിലേക്ക് പോകുമ്പോള്‍ യുവാവ് ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് കടയുടെ പിന്നിലുള്ള കുറ്റിക്കാട്ടലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
യുവാവ് മോശമായി പെരുമാറുകയാണെന്ന് മനസിലായതോടെ പെണ്‍കുട്ടി നിലവിളിച്ചു. കരച്ചില്‍ തുടര്‍ന്നപ്പോള്‍ വായില്‍ ഇലകള്‍ തിരുകി സമീപത്ത് കിടന്ന ഇഷ്ടിക ഉപയോഗിച്ച് കുട്ടിയെ പലതവണ പ്രതി അടിച്ചു. തുടര്‍ന്ന് കുട്ടിയെ ചോരയില്‍ കുളിച്ച അവസ്ഥയില്‍ ഉപേക്ഷിച്ച് പ്രതി ഓടിപ്പോവുകയായിരുന്നു. കടയില്‍ പോയ മകളെ കുറേ നേരമായിട്ടും കാണാതായപ്പോള്‍ കുട്ടിയുടെ അമ്മ അന്വഷിച്ചു പോയി. കട ഉടമയോട് ചോദിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്നായിരുന്നു അറിയിച്ചത്.

നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഗുരുതര പരിക്കുകളോടെ കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. തലയില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കാണ്‍പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്ക് കുടുംബത്തോടുള്ള മുന്‍വൈരാഗ്യമാണ് കുറ്രകൃതൃത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.