ദിയയ്ക്കെതിരായ പരാതിയില്‍ കഴമ്പില്ല; ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തി; പണം ചെലവാക്കിയതെങ്ങനെ?

തിരുവനന്തപുരം: നടന്‍ ജി.കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ആഭരണക്കടയില്‍നിന്ന് വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്യുആര്‍ കോഡ് വഴി 66 ലക്ഷം രൂപ എത്തിയതായി പൊലീസ് കണ്ടെത്തി. 3 ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതില്‍നിന്നാണ് ഈ കണക്ക് ലഭിച്ചത്. ഇതുസംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി പൊലീസ് ഇവരുടെ വീടുകളില്‍ എത്തിയെങ്കിലും ഇവര്‍ സ്ഥലത്തില്ലായിരുന്നു. ഇന്നലെ ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും എത്തിയില്ല.
മൂവരും സ്ഥലത്തില്ലെന്നാണ് വിവരമെന്നു മ്യൂസിയം എസ്‌ഐ വിപിന്‍ പറഞ്ഞു. 66 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്നു സ്റ്റേറ്റ്‌മെന്റില്‍ കണ്ടെത്തിയെങ്കിലും ഇവര്‍ ഈ പണം ചെലവാക്കിയതെങ്ങനെയെന്നു കണ്ടെത്തിയിട്ടില്ല.

നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം തങ്ങള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പണം പിന്‍വലിച്ച് ദിയയ്ക്ക് നല്‍കിയെന്നുമാണ് ജീവനക്കാരുടെ മൊഴി. പലപ്പോഴും പണം പിന്‍വലിച്ചതായി പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരികള്‍ അവരുടെ ബന്ധുക്കള്‍ക്ക് പണം അക്കൗണ്ട് വഴി നല്‍കിയിട്ടുമുണ്ട്.
ദിയയുടെ ഓഡിറ്ററോടും സ്റ്റേഷനില്‍ എത്താന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാപനം നികുതി അടച്ചതിന്റെ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് തേടുന്നത്. നികുതിയടച്ചതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ദിയയും കൃഷ്ണകുമാറും പ്രതികരിച്ചു. സംഭവം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്നും താന്‍ ബിജെപി നേതാക്കളെയോ പ്രവര്‍ത്തകരെയോ സഹായം തേടി വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെയാണ് സമീപിച്ചതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ഇതിനിടെ കൃഷ്ണകുമാറും മകള്‍ ദിയയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും. കൃഷ്ണകുമാറും മകളും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തുവെന്ന് ആരോപിച്ച് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു.
ജീവനക്കാരുടെ പരാതിയില്‍ കഴമ്പില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ദിയ കൃഷ്ണയുടെ ഫ്‌ളാറ്റില്‍ നിന്ന് യുവതികള്‍ രണ്ടു കാറുകളിലായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് പരാതിയില്‍ കഴമ്പില്ലെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയത്.