‘ദേശീയ താത്പര്യങ്ങള്‍ക്ക് എതിരേ ചിന്തിക്കാന്‍ അണികളെ പ്രോത്സാഹിപ്പിക്കുന്നു; ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ നിരോധിക്കും’; ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍; അന്ന് വി.ഡി. സതീശന്‍ എംഎല്‍എ; തെരഞ്ഞെടുപ്പു കാലത്ത് വിഴുങ്ങുന്ന നിലപാടുകള്‍
2014 ജനുവരി 18ന് ആണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. അബദ്ുള്‍ സമദ് എന്ന വ്യക്തിയുടെ പൊതുതാത്പര്യ ഹര്‍ജിക്കു മറുപടിയെന്നോണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം, സാമ്പത്തിക സ്രോതസ്, പ്രത്യയശാസ്ത്രം എന്നിവയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതിനെതിരേ രണ്ടാം ദിവസവും വിവാദം കത്തിക്കാളുകയാണ്. മൗദൂദി ആശയങ്ങള്‍ പേറുന്ന തീവ്ര ഇസ്ലാമിക മതരാഷ്ട്രവാദികളാണെന്ന് ഇടതുപക്ഷം ആരോപിക്കുമ്പോള്‍, ഇടതുപക്ഷവും നേരത്തേ പിന്തുണ തേടിയെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതിരോധിക്കുന്നത്.
ഇതിനിടെ, ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടനയോട് അവഗണന കാണിക്കുന്നെന്നും ദേശീയ താത്പര്യങ്ങള്‍ക്കെതിരേ ചിന്തിക്കാന്‍ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടി ഇടതു നേതാക്കള്‍ രംഗത്തെത്തി. 2014 ജനുവരി 18ന് ആണ് ഉമ്മന്‍ചാണ്ടി (oommen chandy) സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. അബദ്ുള്‍ സമദ് എന്ന വ്യക്തിയുടെ പൊതുതാത്പര്യ ഹര്‍ജിക്കു മറുപടിയെന്നോണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം, സാമ്പത്തിക സ്രോതസ്, പ്രത്യയശാസ്ത്രം എന്നിവയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമ്പോള്‍ രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി. കെ.എം. മാണി നിയമമന്ത്രി. വി.ഡി. സതീശന്‍ (v.d.satheeshan) അന്ന് എംഎല്‍എ ആയിരുന്നു.

1957ല്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ജമാഅത്തെയുടെ ഭരണഘടനയില്‍ ദൈവികമല്ലാത്ത സര്‍ക്കാര്‍ സംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലന്നാണു പറയുന്നത്. ഏതെങ്കിലും ദൈവികമല്ലാത്ത സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാകുകയോ അതിന്റെ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പങ്കുചേരുകയോ ചെയ്താല്‍, ആ ഉപജീവനമാര്‍ഗത്തില്‍ നിന്ന് കഴിയും വേഗം ഒഴിവാകണമെന്നും നിര്‍ബന്ധിതമായ അവസ്ഥയിലല്ലാതെ, കാര്യങ്ങള്‍ പരിഹരിക്കുന്നതിന് അനിസ്ലാമിക കോടതികളെ സമീപിക്കരുതെന്നും പറയുന്നെന്നു സത്യവാങ്മൂലം വ്യക്തമാക്കുന്നു. ഈ ദേശവിരുദ്ധ തത്വങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഏതെങ്കിലും ജോലി നിരസിക്കാന്‍ ജമാഅത്തെ ഇസ്ലാമി അനുയായികളോട് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു, ഇത് ആത്യന്തികമായി ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമായി ചിന്തിക്കാന്‍ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായും സൂക്ഷ്മമായും നിരീക്ഷിച്ചുവരികയാണെന്നും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ നിരോധിക്കുമെന്നും അന്ന് കോടതിയെ അറിയിച്ചു.
ദേശവിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ അടങ്ങിയ ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങള്‍ പിടിച്ചെടുത്ത് നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച 14 പുസ്തകങ്ങള്‍ നിരോധിക്കുന്നതിനുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും യുഡിഎഫ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് അന്ന് വിവാദമാകുകയും ചെയ്തിരുന്നു.
ജമാ അത്തെ ഇസ്ലാമിയുടെ മുന്‍കൈയില്‍ 2011 ലാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിക്കുന്നത്. അവര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ തുടങ്ങുകയും പൊതുവില്‍ ദലിത് മുസ്ലീം ഐക്യം എന്നൊക്കെയുള്ള നിലപാടുകളാണ് അവരുടെ രാഷ്ട്രീയ സ്വഭാവമായി എടുത്തു പറയുന്നതെങ്കിലും അവരുടെ ലക്ഷ്യം മുസ്ലിംലീഗിനുള്ള വോട്ട്ബാങ്കാണെന്നും വ്യക്തമായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഏറെ വിവാദമായ അഞ്ചാം മന്ത്രിസ്ഥാനവും താക്കോല്‍സ്ഥാനവും വിവാദങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വന്ന കാലമായിരുന്നു. 2012 ഡിസംബറില്‍ ആരംഭിച്ച അഞ്ചാം മന്ത്രിസ്ഥാനം അടുത്തവര്‍ഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റി രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് കൊടുത്തിട്ടും അവസാനിച്ചില്ല. ഇതേ സമയത്താണ് ജമാ അത്തെ ഇസ്ലാമിക്കെതിരെ ഈ പൊതുതാല്‍പ്പര്യ ഹര്‍ജി വരുന്നത്.
2023ല്‍ ജമാഅത്തെ ഇസ്ലാമി ഭരണഘടനയില്‍ കാര്യമായ മാറ്റം വരുത്തിയെങ്കിലും മതനിരപേക്ഷ നിലപാടുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തുന്ന വര്‍ഗീയ നിലപാടുകള്‍ക്കു കുറവുണ്ടായില്ല. നിരവധി മാധ്യമങ്ങളിലൂടെയും പ്രതിദിന വിശകലനങ്ങളിലൂടെയും സമകാലിക സംഭവങ്ങളെ ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങളോടു ചേര്‍ത്തു വയ്ക്കുന്നുമുണ്ട്. 2023ല്‍ ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയ വണ്‍ ചാനലിനു വിലക്കു വന്നതോടെയാണ് കാതലായ മാറ്റം വരുത്തിയതെന്നു വിലയിരുത്തുന്നു. സുരക്ഷാ ക്ലിയറന്‍സ് വിഷയം ഉന്നയിച്ച് 2022 ജനുവരി 31 നാണ് കേന്ദ്ര സര്‍ക്കാര്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയത്. 2023 ഏപ്രിലാണ് സുപ്രീം കോടതി ചാനലിന് അനുകൂലമായ വിധി പ്രഖ്യാപിച്ചത്.
പുരോഗമനത്തിന്റെ മേല്‍മൂടിയണിഞ്ഞ ജമാഅത്തെ ഇസ്ലാമിയുമായി ഇടതുവലതു കക്ഷികളെല്ലാം മുമ്പും തെരഞ്ഞെടുപ്പു ധാരണകളില്‍ എത്തിയിരുന്നു. എന്നാല്‍, ഇവരുടെ പിന്തുണ ലഭിച്ചപ്പോഴൊക്കെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ഇടതുമുണി പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നു. ഇതു ജമാ അത്തെ നേതാക്കളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ‘വര്‍ഗീയ വാദികള്‍ മനുഷ്യരല്ലെും അവരുടെ വോട്ടു വേണ്ടെുന്നും’ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് പ്രഖ്യാപിച്ചത് ജമാ അത്തെ ഇസ്ലാമിയെ മതരാഷ്ട്രവാദ പ്രസ്ഥാനത്തിന്റെ നേതാക്കളിലാണ് മലപ്പുറത്തിന്റെ സാഹചര്യത്തില്‍ ചെു കൊണ്ടത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പല്ലും നഖവും ഉപയോഗിച്ചു ജമാ അത്തിന്റെ പിന്തുണയെ ന്യായീകരിച്ചെങ്കിലും അതിലെ അപകടം തിരിച്ചറിഞ്ഞാണു ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തന്ത്രപരമായ നിലപാട് എടുത്തത്. യുഡിഎഫുമായി ജമാഅത്തെ നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ നല്‍കുന്നത് തങ്ങള്‍ ആവശ്യപ്പെടാതുള്ള പിന്തുണയാണെന്നുമാണ് കുഞ്ഞാലിക്കുട്ടി ചാനലുകള്‍ക്കു മുന്നില്‍ വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പിന്റെ കളത്തില്‍ നില്‍ക്കുമ്പോള്‍ ജമാഅത്തെയുടെ പിന്തുണ തെല്ലൊന്നുമല്ല വിവാദമാകന്നുത്. പിഡിപിയുടെ പിന്തുണ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിനെ യുഡിഎഫ് എതിര്‍ക്കുതെങ്കിലും ദീര്‍ഘകാലമായി എല്‍ഡിഎഫ്- പിഡിപി ബന്ധം പരസ്യമാണ്. ഇത് എല്ലാ തെരഞ്ഞെടുപ്പിലും ഉയര്‍ന്നുവരാറുമുണ്ട്. എന്നാല്‍, ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങ്‌ളില്‍ ഇതുണ്ടാക്കുന്ന അലയൊലി എന്തായിരിക്കുമെന്ന് അറിയണമെങ്കില്‍ തെരഞ്ഞെടുപ്പു കഴിയേണ്ടിവരും.
2024ലെ തെരഞ്ഞെടുപ്പില്‍ ജമാഅത്തെയുടെ വെല്‍ഫെയര്‍ പാര്‍ട്ടിക്കു മൂവായിരത്തോളം വോട്ടുകളാണു ലഭിച്ചത്. അന്‍വര്‍ ആയിരുന്നു അന്ന്് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇക്കുറി അന്‍വറിന്റെ എതിര്‍പ്പ് ഒരുപോലെ എല്‍ഡിഎഫിനും യുഡിഎഫിനും പ്രശ്‌നമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള നീക്കത്തിലേക്ക് യുഡിഎഫ് എത്തിയത്.