
തൃശൂര്‍: വരന്തരപ്പിള്ളിയില്‍ ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന്. വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക ഗംഗാധരന്റെയും ഷീലയുടെയും മകളായ ദിവ്യ(36) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കണ്ണാറ കരടിയള തെങ്ങനാല്‍ കുഞ്ഞുമോന്‍ (45) പൊലീസ് പിടിയിലായി.
ദിവ്യ ജോലിക്കായി പോകുന്ന സമയത്ത് കുഞ്ഞുമോന്‍ ദിവ്യയെ പിന്തുടര്‍ന്നു. ബസില്‍ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കില്‍ കയറി പോകുന്നത് കണ്ടതായി കുഞ്ഞുമോന്‍ പൊലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നു തലേദിവസം വീട്ടില്‍ കലഹമുണ്ടായി. തുടര്‍ന്നായിരുന്നു കൊലപാതകം. പ്രതി നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

പൊലീസ് സ്റ്റേഷനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു ദമ്പതികള്‍. ഭാര്യ മരിച്ചതു പനിയും അലര്‍ജിയും ശ്വാസംമുട്ടലും പിടിപെട്ടതുമൂലമാണെന്നാണു കുഞ്ഞുമോന്‍ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്. എന്നാല്‍, ദിവ്യയുടെ മുഖത്തും കഴുത്തിലും കണ്ടെത്തിയ പാടുകള്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന സൂചനയിലേക്കെത്തിക്കുകയായിരുന്നു.
ദിവ്യയെ ശനിയാഴ്ച വൈകിട്ടു നാലോടെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആര്‍ക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും ശരീരത്തിലെ പാടുകള്‍ ദുരൂഹമെന്നു പൊലീസ് കണ്ടെത്തി. പിന്നീട് ദിവ്യയുടെ ബന്ധുക്കളും പരാതിയുമായെത്തി. കുഞ്ഞുമോനും ദിവ്യയ്ക്കും 11 വയസ്സുള്ള മകനുണ്ട്. ചോദ്യം ചെയ്യലിനിടെ കുഞ്ഞുമോന്‍ കഥകള്‍ മാറ്റിപ്പറഞ്ഞെങ്കിലും ഒടുവില്‍ കുറ്റസമ്മതം നടത്തിയെന്നാണു വിവരം.