KeralaNEWS

ഷൈന്‍ ടോം ചാക്കോയുടെ ശസ്ത്രക്രിയ ഇന്ന്, പിതാവിന്റെ സംസ്‌കാരം രാവിലെ

തൃശൂര്‍: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ഷൈനിന്റെ പിതാവ് സി.പി. ചാക്കോയുടെ സംസ്‌കാരം ഇന്നു രാവിലെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍ നടക്കും.

പിതാവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി ഷൈനിനെ ഇന്നു രാവിലെ ആശുപത്രിയില്‍ നിന്നു മുണ്ടൂരിലെത്തിക്കും. തുടര്‍ന്ന് മടങ്ങിയ ശേഷമായിരിക്കും ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെങ്കിലും ഷൈന് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും.

Signature-ad

ഇടതു തോളിനു പരിക്കേറ്റ ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മ മരിയ കാര്‍മലും സണ്‍ ആശുപത്രിയിലാണുള്ളത്. ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്. നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. ഷൈനിന്റെ സഹോദരിമാരായ സുമിയും റിയയും ന്യൂസിലന്‍ഡില്‍ നിന്നെത്തിയിട്ടുണ്ട്.

അമ്മ മരിയയെ റൂമിലേക്കു മാറ്റിയെങ്കിലും ഭര്‍ത്താവ് ചാക്കോയുടെ വിയോഗ വാര്‍ത്ത അറിയിച്ചിട്ടില്ല. മരിയയ്ക്ക് ഇടുപ്പെല്ലിനാണ് ഗുരുതര പരിക്കും സ്ഥാനചലനവും. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. മരിയയ്ക്കു രണ്ടു മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനെത്തിച്ചു.

ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ വെള്ളി രാവിലെ ആറോടെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്കു സമീപം നല്ലംപള്ളിയില്‍ അപകടത്തില്‍പെട്ടത്. ഷൈനിനൊപ്പം പിതാവ് ചാക്കോ(73), അമ്മ മരിയ(68), സഹോദരന്‍ ജോ ജോണ്‍ (39), ഡ്രൈവര്‍ അനീഷ് (42) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പിതാവിനെ ധര്‍മപുരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെട്ടെന്നു ട്രാക്ക് മാറിയെത്തിയ ലോറിയുടെ പിന്നില്‍ കാറിടിക്കുകയായിരുന്നെന്നാണ് ഡ്രൈവറുടെ മൊഴി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: