
കൊച്ചി: ചെറിയൊരു ഇടവേളയ്ക്കുശേഷം കൊച്ചിയില്‍ ഗുണ്ടാസംഘത്തലവന്മാര്‍ സ്വകാര്യ ചടങ്ങിനിടെ പരസ്യമായി ഏറ്റുമുട്ടി. മുപ്പതോളം കേസുകളില്‍ പ്രതിയായ തമ്മനം ഫൈസലും കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശുമായി ബന്ധമുള്ള ചോക്ലേറ്റ് ബിനുവുമാണ് ഏറ്റുമുട്ടിയത്.
ഉച്ചയ്ക്ക് മരട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തൈക്കൂടം സെന്റ് റാഫേല്‍ പള്ളിക്ക് സമീപം ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. സുഹൃത്തായ തൈക്കൂടം സ്വദേശിയുടെ ക്ഷണപ്രകാരം മാമോദീസ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. തന്നെപ്പറ്റി അപവാദം പറഞ്ഞുനടക്കുന്നതായി ആരോപിച്ച് ചോക്ലേറ്റ് ബിനുവിനെ ഫൈസല്‍ ചോദ്യം ചെയ്തെന്നും തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നുമാണ് വിവരം.

തര്‍ക്കം രൂക്ഷമായതോടെ ബിനുവിനെ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്തു. ഓഡിറ്റോറിയത്തിലുണ്ടായിരുന്നവര്‍ ഇടപെട്ട് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കി. ഓംപ്രകാശിന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ രാസലഹരി കൈമാറിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ആളാണ് ചോക്ലേറ്റ് ബിനു.
നിരവധി കേസുകളില്‍ പ്രതിയായ തമ്മനം ഫൈസലിന്റെ ആലുവയിലെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ ആലപ്പുഴ ജില്ലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വിവാദമായത് മാസങ്ങള്‍ക്ക് മുമ്പാണ്. കാപ്പ ചുമത്താന്‍ തുടങ്ങിയതോടെ ഗുണ്ടാസംഘങ്ങള്‍ പരസ്യമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കിയിരുന്നു. ഇതിനിടെയാണ് തൈക്കൂടത്തെ സംഭവം.