NEWSWorld

ഇന്ത്യ സൗജന്യമായി കൊടുത്ത പാര്‍ലെ-ജി ബിസ്‌കറ്റിന് ഗാസയില്‍ വില 2300 രൂപ !

ഗാസ: ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ബിസ്‌ക്കറ്റുകളില്‍ ഒന്നാണ് പാര്‍ലെ-ജി. മറ്റ് നിരവധി രാജ്യങ്ങളിലും പാര്‍ലെ ജി ബിസ്‌ക്കറ്റിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യ സൗജന്യമായി കൊടുത്ത പാര്‍ലെ-ജി ബിസ്‌കറ്റിന്റെ ഗാസയിലെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം. ഒരു പലസ്തീന്‍ പിതാവ് തന്റെ മകള്‍ക്ക് പാര്‍ലെ-ജി ബിസ്‌കറ്റിന്റെ പാക്കറ്റ് നല്‍കുന്ന വീഡിയോ ആണ് ബിസ്‌കറ്റിന്റെ ഗാസയിലെ വിലയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.
ഗാസയില്‍ താമസിക്കുന്ന മുഹമ്മദ് ജവാദ് എന്നയാള്‍ തന്റെ മകള്‍ റാഫിഫിന് ഒരു പാക്കറ്റ് പാര്‍ലെ-ജി നല്‍കുന്ന ഒരു വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തു. അത് അവളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം, ഇന്ന് തനിക്ക് മകള്‍ക്ക് പ്രിയപ്പെട്ട ബിസ്‌ക്കറ്റ് നല്‍കാന്‍ കഴിഞ്ഞുവെന്നും എന്നാല്‍ വില 1.5 യൂറോയില്‍ നിന്ന് 24 യൂറോ ആയി മാറിയെന്നും അദ്ദേഹം വീഡിയോ പങ്കുവച്ചുകൊണ്ട് എക്‌സില്‍ കുറിച്ചു.

ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം മൂലം ഗാസയില്‍ കടുത്ത ഭക്ഷ്യക്ഷാമവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും അനുഭവപ്പെടുന്ന സമയത്താണ് വീഡിയോ പ്രചരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സാധാരണയായി ഒരു പായ്ക്കറ്റിന് 100 രൂപയാണ് പാര്‍ലെജിയുടെ വില. എന്നാല്‍ നിലവിലുള്ള ഭക്ഷ്യക്ഷാമം കാരണം പാര്‍ലെജി ഗാസയില്‍ വളരെ ദുര്‍ലഭമായി. ഇപ്പോള്‍ 2,342 രൂപയ്ക്കാണ് പാര്‍ലെജി ഗാസയില്‍ വില്‍ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ലഘുഭക്ഷണങ്ങളിലൊന്നായ പാര്‍ലെ-ജിയുടെ വില 2000നു മുകളില്‍ പോയത് സോഷ്യല്‍ മീഡിയയില്‍ പലരെയും ഞെട്ടിച്ചിരിക്കുകയാണ്.

Signature-ad

‘ആ കുഞ്ഞ് ഇന്ത്യയുടെ പ്രിയപ്പെട്ട ബിസ്‌കറ്റ് കഴിക്കുകയാണ്. യുദ്ധത്തെക്കുറിച്ച് നമ്മള്‍ നിഷ്പക്ഷരാണെന്ന് എനിക്കറിയാം. പക്ഷേ, ദയവായി നമുക്ക് കൂടുതല്‍ പാര്‍ലെ ജി പലസ്തീനിലേക്ക് അയയ്ക്കാമോ? ഇവ ഗ്ലൂക്കോസ് ബിസ്‌കറ്റുകളാണ്, സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.’ എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ടാഗ് ചെയ്ത ഒരു ഉപയോക്താവ് പറഞ്ഞു. സഹായമായിട്ടാണു ഈ ബിസ്‌ക്കറ്റുകള്‍ അയയ്ക്കുന്നതെന്നും പിന്നെ എങ്ങനെയാണ് ഇവ കരിഞ്ചന്തയില്‍ വില്‍ക്കുന്നതെന്നുമാണ് മറ്റൊരു ഉപയോക്താവ് ചോദിച്ചത്
എന്തുകൊണ്ടാണ് പാര്‍ലെ-ജി 2,300 രൂപയില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നത്?

‘ഈ വസ്തുക്കള്‍ സാധാരണയായി മാനുഷിക സഹായത്തിന്റെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യാനാണ് എത്തിക്കുന്നത്. എന്നിരുന്നാലും, വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അവ ലഭിക്കുന്നുള്ളൂ. ഈ പരിമിതമായ ലഭ്യത അത്തരം ഉല്‍പ്പന്നങ്ങളെ അപൂര്‍വ വസ്തുക്കളാക്കി മാറ്റുന്നു, പലപ്പോഴും ഉയര്‍ന്ന വിലയ്ക്ക് കരിഞ്ചന്തയില്‍ വീണ്ടും വില്‍ക്കപ്പെടുന്നു’- ഗാസ സിറ്റിയില്‍ താമസിക്കുന്ന 31 വയസ്സുള്ള സര്‍ജന്‍ ഡോ. ഖാലിദ് അല്‍ഷാവ എന്‍ഡിടിവിയോട് പറഞ്ഞു

റിപ്പോര്‍ട്ട് അനുസരിച്ച്, സ്ഥലത്തെയും വില്‍പ്പനക്കാരനെയും ആശ്രയിച്ച് വിലകള്‍ വ്യത്യാസപ്പെടുന്നു. ഗാസയില്‍ കാണുന്ന പാര്‍ലെ-ജി പാക്കറ്റുകളില്‍ ‘എക്‌സ്‌പോര്‍ട്ട് പായ്ക്ക്’ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.കൂടാതെ വിലയും പായ്ക്കറ്റില്‍ അച്ചടിച്ചിട്ടില്ല.സഹായ കയറ്റുമതിയിലൂടെയാണ് ബിസ്‌ക്കറ്റുകള്‍ ഗാസയിലെത്തിയതെന്നും ഒടുവില്‍ കുറച്ച് വില്‍പ്പനക്കാര്‍ അത് സ്വന്തമാക്കിയെന്നും പിന്നീട് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള വിലയ്ക്ക് അവ വിറ്റഴിച്ചതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മറ്റ് അവശ്യവസ്തുക്കളും ഞെട്ടിപ്പിക്കുന്ന ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഗാസയില്‍ ഒരു കിലോ പഞ്ചസാരയ്ക്ക് 4,914 രൂപയും ഉള്ളിക്ക് കിലോയ്ക്ക് 4,423 രൂപയുമാണ് വില.

മാര്‍ച്ച് 18 ന് ഇസ്രായേല്‍ സൈന്യം ഗാസയില്‍ ആക്രമണം പുനരാരംഭിച്ചതിനുശേഷം, മാവിന്റെ വില 5,000 ശതമാനവും പാചക എണ്ണയുടെ വില 1,200 ശതമാനവും വര്‍ദ്ധിച്ചതായി ഗാസ നിവാസികളെ ഉദ്ധരിച്ച് ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ ക്ഷാമം ആസന്നമാണെന്ന് അന്താരാഷ്ട്ര സഹായ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുഴുവന്‍ പ്രദേശവും അടിയന്തരാവസ്ഥ ഘട്ടത്തിലാണെന്നാണ് ഭക്ഷ്യ സുരക്ഷയെ അടിസ്ഥാനമാക്കി ഇത്തരം എജന്‍സികള്‍ വിലയിരുത്തുന്നത്. മെയ് 12 വരെയുള്ള കണക്കുകള്‍ പ്രകാരം ഗാസയിലെ ജനസംഖ്യയുടെ ഏകദേശം 22 ശതമാനം, അതായത് ഏകദേശം 470,000 ആളുകള്‍, പട്ടിണി, മരണം, പോഷകാഹാരക്കുറവ് എന്നിവയുടെ ഭയാനകമായ ഘട്ടത്തിലേക്ക് പ്രവേശിച്ചതായും ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ഒരുകാലത്ത് ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്‍കിയിരുന്ന കമ്മ്യൂണിറ്റി അടുക്കളകള്‍ പോലുള്ള നിര്‍ണായക സംവിധാനങ്ങള്‍ തകര്‍ന്നതായും യുഎന്‍ആര്‍ഡബ്ല്യുഎയുടെ പ്രധാന കോമ്പൗണ്ടും പ്രാദേശിക വിപണികളും അടുക്കളകളും കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണം മേഖലയുടെ ഭക്ഷ്യോല്‍പ്പാദന ശേഷിയെ ഇല്ലാതാക്കിയതിനാല്‍, ഗാസയിലെ ഏകദേശം 20 ലക്ഷം ജനസംഖ്യ ഇപ്പോള്‍ ഏതാണ്ട് പൂര്‍ണ്ണമായും അന്താരാഷ്ട്ര സഹായത്തെ ആശ്രയിച്ചാണ് കഴിയുന്നത്.മാര്‍ച്ച് 2 ന് ഇസ്രായേല്‍ ഗാസയിലേക്ക് പ്രവേശിക്കുന്ന സാധനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര സമ്മര്‍ദ്ദവും വരാനിരിക്കുന്ന ക്ഷാമത്തെക്കുറിച്ചുള്ള അടിയന്തര മുന്നറിയിപ്പുകളും കാരണം കഴിഞ്ഞ മാസം അവസാനത്തോടെയാണ് പരിമിതമായ സഹായം വീണ്ടും ഗാസയിലേക്ക് എത്താന്‍ തുടങ്ങിയത്.ഗാസയിലെ ആവശ്യങ്ങള്‍ വളരെ വലുതാണെന്നും നിലവില്‍ ഗാസയിലേക്ക് എത്തുന്ന സഹായം ഇപ്പോഴും പര്യാപ്തമല്ലെന്നും യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: