
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയ ജീവനക്കാരികള്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പരാതിക്കാരായ മൂന്നു ജീവനക്കാരുമായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മകളും നടിയുമായ അഹാനയും ദിയയും സംസാരിക്കുന്നതിന്റെ വീഡിയോ ആണ് സിന്ധു സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. തട്ടിപ്പ് നടത്തിയതില്‍ കുറ്റബോധം തോന്നിയെന്നും ഓഗസ്റ്റിലാണ് ആദ്യമായി പണം തട്ടിയതെന്നും അവര്‍ പറയുന്നത് വിഡിയോയില്‍ കാണാം.
നിങ്ങള്‍ തട്ടിപ്പ് നടത്തി എത്ര കാശുണ്ടാക്കി എന്നറിയണമെന്ന് അഹാന ജീവനക്കാരോട് ചോദിക്കുന്നുണ്ട്. ഏഴു ലക്ഷത്തിലധികം രൂപയാണ് സ്‌ക്രീന്‍ഷോട്ടുകള്‍ നോക്കി ഞങ്ങള്‍ക്ക് മനസ്സിലായതെന്നാണ് ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ പറയുന്നത്. എന്നാല്‍ ചോദിക്കുന്നതിന് സത്യം പറഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളും മാന്യമായി അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ തനിക്ക് പകരം പൊലീസാവും നിങ്ങളെ ചോദ്യം ചെയ്യുകയെന്നും അഹാന പരാതിക്കാരോട് പറയുന്നുണ്ട്.

പിന്നാലെയാണ് ഓഗസ്റ്റിലാണ് ആദ്യമായി പണം തട്ടിയെടുത്തതെന്നും ചെയ്തതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടെന്നും ജീവനക്കാരികള്‍ പറയുന്നത്. കയ്യിലുണ്ടായിരുന്ന സ്വര്‍ണമടക്കം വിറ്റാണ് 5 ലക്ഷം രൂപ ദിയയ്ക്ക് തിരികെ നല്‍കാനായി ഉണ്ടാക്കിയതെന്നും ഇവര്‍ പറയുന്നു. സ്ഥാപനത്തില്‍ സാധനം വാങ്ങാനെത്തുന്നവര്‍ പണം അയക്കാനായി സ്‌കാനര്‍ ചോദിക്കുമ്പോള്‍ സ്വന്തം ഫോണിലെ സ്‌കാനറാണ് കാണിച്ചു കൊടുക്കാറുള്ളതെന്നും വിഡിയോയില്‍ അവര്‍ പറയുന്നത് കേള്‍ക്കാം.
പൊലീസിനെ ഇക്കാര്യങ്ങള്‍ അറിയിക്കണ്ടെന്നും അവര്‍ പറയുന്നുണ്ട്. എത്രരൂപയാണ് പണമായി കടയില്‍ നിന്നെടുത്തതെന്ന ചോദ്യത്തിന് ആദ്യം പണം എടുത്തിട്ടില്ല എന്നാണ് മറുപടി പറയുന്നത്. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ 40,000 രൂപ വരെ പണമായി എടുത്തിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കുന്നുണ്ട്. കടയില്‍ നിന്നെടുത്ത പണം തുല്യമായാണ് മൂന്നുപേരും വീതിച്ചെടുത്തതെന്നും ലക്ഷങ്ങള്‍ കൈക്കലാക്കിയെന്ന് കണക്കുപ്രകാരം വന്നാല്‍ തിരിച്ചു തരുമെന്നും ജീവനക്കാരികള്‍ വ്യക്തമാക്കി. കൃഷ്ണകുമാറിനോടും കുടുംബത്തോടും സംസാരിച്ച പരാതിക്കാര്‍ അവിടെ നിന്ന് സ്വന്തം നിലയ്ക്ക് പോകുന്നതും വിഡിയോയില്‍ കാണാം.
ശനിയാഴ്ചയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജീവനക്കാരികള്‍ പരാതി നല്‍കുന്നത്. കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നും തട്ടിക്കൊണ്ടുപോയി ഫോണ്‍ തട്ടിയെടുത്തുവെന്നും മുറിയില്‍ പൂട്ടിയിട്ട് കൊല്ലുമെന്ന് പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു. കവടിയാറിലെ ദിയയുടെ സ്ഥാപനത്തില്‍ ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ മുന്‍പ് നല്‍കിയ പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ജീവനക്കാരികള്‍ പരാതി നല്‍കിയത്.