നിലമ്പൂരില്‍ സകല മര്യാദകളും ലംഘിക്കുന്നോ? പന്നിക്കെണിയില്‍ പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനെതിരേ സോഷ്യല്‍ മീഡിയ; ജ്യോതികുമാര്‍ ചാമക്കാല മുക്കിയ സെല്‍ഫി പോസ്റ്റ് പൊക്കി; അന്‍വര്‍ മുതല്‍ പെന്‍ഷന്‍ ആരോപണങ്ങള്‍വരെ കോണ്‍ഗ്രസിന് തൊട്ടതെല്ലാം പൊള്ളി; മാധ്യമ പ്രവര്‍ത്തകനും കൈയേറ്റം; പിടിയിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്നും ആരോപണം

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ ചൂടില്‍ കൈയില്‍ കിട്ടുന്നതെല്ലാം വിവാദമാക്കുന്ന യുഡിഎഫിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. പന്നിക്കെണിയില്‍നിന്നു ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ശനിയാഴ്ച രാത്രി യുഡിഎഫ് വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണമാണ് വിവാദമായത്. പന്തുകളി കഴിഞ്ഞു മീന്‍ പിടിക്കാന്‍ പോയ കുട്ടികളാണ് അവിചാരിതമായി അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനു നാട്ടുകാരടക്കം രംഗത്തെത്തി. കെണിവച്ചയാളെ പിന്നാലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വസ്തുതകള്‍ ഇതാണെങ്കിലും രാഷ്ട്രീയ മുതലെടുപ്പു നടത്തിയുള്ള പ്രസ്താവനകളാണ് സോഷ്യല്‍ മീഡിയയില്‍ തിരിച്ചടിയാകുന്നത്.
അപകടമല്ലേ എന്നു മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍ തട്ടിക്കയറുകയാണ് ജ്യോതികുമാര്‍ ചാമക്കാല ചെയ്തത്. പ്രകടനത്തിനു പിന്നാലെ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചുകളിച്ച് സംസാരിക്കുന്നതിന്റെ എടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ ഇട്ടതും വിവാദമായി. ഇതിനെതിരേ രൂക്ഷമായ പരിഹാസം ഉയര്‍ന്നതോടെ പിന്‍വലിച്ചു. എന്നാല്‍, ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടതു ഹാന്‍ഡിലുകളും കോണ്‍ഗ്രസുകാര്‍ക്കെതിരായ ആയുധമാക്കി ഇതുപയോഗിക്കുന്നുണ്ട്.

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥനാര്‍ഥിയായി എം. സ്വരാജ് എത്തിയതിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് യുഡിഎഫ് ഉയര്‍ത്തിയത്. കെ.സി. വേണുഗോപാല്‍ പെന്‍ഷന്‍ കൈക്കൂലിയാണെന്നായിരുന്നു ആരോപിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരു മാസംമുമ്പേ പെന്‍ഷന്‍ കുടിശിക തീര്‍ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. ഇക്കാര്യം ധനമന്ത്രിയടക്കം മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മറച്ചുവച്ചു നുണ പ്രചരിപ്പിക്കുകയാണ് കെ.സി. വേണുഗോപാല്‍ ചെയ്തതെന്നാണ് ചൂണ്ടിക്കാട്ടിയത്.
പെന്‍ഷന്‍ കുടിശികയുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിന് ഇടയാക്കിയിരുന്നു. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ മൂന്നു മാസം മാത്രമാണ് പെന്‍ഷന്‍ മുടങ്ങിയതെന്നും മറിച്ചു തെളിവുകൊണ്ടുവരാന്‍ വെല്ലുവിളിക്കുന്നെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍, ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍തന്നെ അദ്ദേഹത്തിനു മറുപടിയുമായി മാധ്യമപ്രവര്‍ത്തകര്‍തന്നെ രംഗത്തുവന്നു. ആദ്യ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എം. സ്വരാജ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പെന്‍ഷന്‍ മുടങ്ങിയതിന്റെ കണക്കുകള്‍ നിയമസഭയില്‍ വച്ചു. അന്ന്് ഇതിനെതിരേ ഒരു കോണ്‍ഗ്രസ് നേതാവു പോലും രംഗത്തുവന്നില്ല.
ഏറ്റവും കൂടുതല്‍ പെന്‍ഷന്‍ വര്‍ധന നടത്തിയത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയുടെ മറ്റൊരു ആരോപണം. ഇതും മിനുട്ടുകള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞു. പെന്‍ഷന്‍ പദ്ധതി ആരംഭിച്ചതുമുതല്‍ ഇന്നുവരെ കേവലം നൂറു രൂപമാത്രമാണ് യുഡിഎഫ് വര്‍ധിപ്പിച്ചതെന്ന കണക്കുകള്‍ മാധ്യമങ്ങള്‍തന്നെ പുറത്തുവിട്ടു. ഇക്കാര്യം നേതാക്കളോട് ഉന്നയിച്ചതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടറായ റോഷിപാലിനെ കയ്യേറ്റം ചെയ്യാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുതിര്‍ന്നു.
ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ ആരോപണങ്ങളായിട്ടാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പു കാലത്തു നേതാക്കള്‍ കാണിക്കേണ്ട വിശ്വാസ്യതയും ആരോപണങ്ങളിലെ സൂഷ്മതയും പാലിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു വീഴ്ചപറ്റുന്നെന്നു രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണു നിലമ്പൂരില്‍ വിദ്യാര്‍ഥി മരിച്ച സംഭവവും വിവാദമാക്കുന്നതെന്നും ഇടതു ഹാന്‍ഡിലുകള്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് ഉപരോധവുമായിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച രാത്രി രംഗത്തുവന്നത്. അനധികൃതമായി കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നുമെന്ന ആവശ്യം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
തെരഞ്ഞെടുപ്പുകാലത്ത്, ഭരണമുന്നണിക്ക് നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു നടപടിക്ക് ആരെങ്കിലും മുതിരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ജ്യോതികുമാര്‍ ചാമക്കാല, രാജു പി. നായര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. ഇതിനിടെ സ്ഥലത്തെത്തിയ സിപിഎം നേതാവ് എ. വിജയരാഘവന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു.
പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തില്‍ വളരെ കുറച്ച് പോലീസുകാര്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. പിന്നീട് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ പോലീസ് വാഹനം വളഞ്ഞതോടെ ഈ നീക്കം പരാജയപ്പെട്ടു. ഇതിനിടെ ഒരു യുഡിഎഫ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ശനി രാത്രിയാണ് വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തു പന്നക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുകുട്ടികള്‍ക്കും ഷോക്കേറ്റു. ഷാനു, യദു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളില്‍ ഒരാള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മറ്റേയാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ വെള്ളക്കട്ട സ്വദേശി വിനീഷ് പിടിയിലായി. വഴിക്കടവ് പൊലീസാണ് വിനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. അനധികൃതമായി വൈദ്യുതി എടുത്തത് പന്നിയെ വേട്ടയാടാനാണെന്നും ഇയാള്‍ ഇതിന് മുമ്പും പന്നിയെ വേട്ടയാടി ഇറച്ചി വില്‍ക്കാറുണ്ടെന്നും കണ്ടെത്തി.
ഠ അപകടത്തില്‍ സംശയമെന്ന് വനംമന്ത്രി
നിലമ്പൂര്‍: നിലമ്പൂര്‍ അപകടത്തില്‍ സംശയമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ബോധപൂര്‍വം ചെയ്തതാണോ എന്ന് സംശയിക്കുന്നുവെന്നാണ് വനംമന്ത്രിയുടെ ഗുരുതര ആരോപണം. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും എകെ ശശീന്ദ്രന്‍ ആരോപിച്ചു. സംഭവം നിലമ്പൂരില്‍ അറിയുന്നതിന് മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു. ഇപ്പോള്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ ആരായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍ എന്നും വനംമന്ത്രി ചോദിച്ചു. വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ ഗുരുതര ആരോപണം.
രാവിലെ ഫെന്‍സിങ് ഇല്ലായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു. വൈകുന്നേരം ആണ് കെട്ടിയത്. രാഷ്ട്രീയ ഗൂഢാലോചന നടന്നു എന്നതിലാണ് കാര്യങ്ങള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. സര്‍ക്കാര്‍ അത് പരിശോധിക്കും. തെരഞ്ഞെടുപ്പ് കാലത്ത് ഇതിന്റെ ഗുണഭോക്താക്കള്‍ ആരാണെന്നും ശശീന്ദ്രന്‍ ചോദിച്ചു. ചിലരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ആരെങ്കിലും ചെയ്തതാണോ? പ്രതിപക്ഷം വിഷയ ദാരിദ്യം അനുഭവിക്കുന്നുണ്ട്. പ്രചരണം കൊഴുപ്പിക്കാന്‍, മലയോര ജനതയെ ഇളക്കിവിടാന്‍ ബോധപൂര്‍വ്വം ചെയ്തതാണോ എന്ന് ചിന്തിക്കുന്നതില്‍ യുക്തി ഇല്ല എന്ന് പറയാന്‍ ആകില്ലെന്നും വനംമന്ത്രി ആരോപിച്ചു.
ഠ രാഷ്ട്രീയ ഗൂഢാലോചന പരിശോധിക്കണം: എം.വി. ഗോവിന്ദന്‍
മലപ്പുറം വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളിലെ രാഷ്ട്രീയ ഗൂഢാലോചന പരിശോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കടന്നാക്രമിക്കുന്നതിന് ഇതുപോലെയുള്ള ദാരുണ സംഭവങ്ങള്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്. വിമര്‍ശനങ്ങള്‍ നേരിട്ടതിന് പിന്നാലെ മറുപടി പറയാന്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി തയ്യാറായില്ല. മറുപടി പറയേണ്ടത് കെപിസിസി പ്രസിഡന്റാണെന്നാണ് സ്ഥാനാര്‍ഥി പറയുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വിമര്‍ശനങ്ങള്‍ നിഷേധിക്കുന്നതല്ലാതെ മറ്റൊന്നും പറയുന്നില്ല. സ്ഥലത്ത് നടന്ന സംഭവങ്ങളൊന്നും കൃത്യമായി മനസിലാക്കാതെ സര്‍ക്കാരിനെതിരെ പ്രശ്‌നം തിരിച്ചുവിട്ട് രാഷ്ട്രീയ ആയുധമാക്കി മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെയാണെന്ന് കൃത്യമായി അന്വേഷണത്തിലൂടെ മനസിലാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കെഎസ്ഇബി ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് പന്നികള്‍ കടന്നു പോകുന്ന വഴികളില്‍ കെണിയൊരുക്കി പന്നിയെ ഷോക്കടിപ്പിച്ച് കൊല്ലുന്നത് ഗുരുതര കുറ്റകൃത്യമാണ്. കെണി വയ്ക്കാനുള്ള സാധനങ്ങളും സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. തികച്ചും അനധികൃതമായി നടത്തിയിട്ടുള്ള ആ പ്രവൃത്തിക്ക് പിന്നിലുള്ളവരെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചര്‍ച്ചയിലൂടെ മാത്രമേ വിഷയം കൂടുതല്‍ മനസിലാക്കാനാകൂ. ആ സംഭവം ഇത്ര പെട്ടെന്ന് വാര്‍ത്തയാക്കുകയും രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢോദ്ദേശ്യം ഉണ്ടോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഠ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്: എം. സ്വരാജ്
നിലമ്പൂര്‍: പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥിമരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്. അപകടകരമായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് നേരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് സ്വരാജ് പറഞ്ഞു. ഇനി ഇത്തരം സംഭവം ഉണ്ടാകാതിരിക്കാനുള്ള കര്‍ശനമായ നടപടി പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. വന്യജീവി – മനുഷ്യ സംഘര്‍ഷം അതീവഗുരുതമായ കാര്യമാണ്. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം എന്നും വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതിയ്ക്ക് കേന്ദ്രം അനുമതി നല്‍കണമെന്നും അതിനായി എല്ലാ പാര്‍ടിയില്‍ ഉള്ളവരും ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
അപകടമുണ്ടായപ്പോള്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചത് അപലപനീയമെന്നും അദ്ദേഹം പറഞ്ഞു. വഴിതടയല്‍ പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് തടഞ്ഞത് ആശുപത്രിയിലേയ്ക്കുള്ള റോഡാണ്. അതിന് നേതൃത്വം നല്‍കിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും. കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ മുതലെടുപ്പാണ്. ഇതിനു തൊട്ടുമുമ്പ് നിലമ്പൂരില്‍ ഇത്തരത്തില്‍ ഒരു അപകടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചപ്പോള്‍ കോണ്‍ഗ്രസ് തിരിഞ്ഞു നോക്കിയില്ല. കാരണം അപ്പോള്‍ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. മരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.