
തിരുവനന്തപുരം: തട്ടിക്കൊണ്ടു പോയി പണം തട്ടിയെന്ന കേസില്‍ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും. ക്യുആര്‍ കോഡില്‍ കൃത്രിമം കാട്ടി പണി തട്ടിയെന്ന ആരോപണം ഉന്നയിച്ച് ദിയ കൃഷ്ണ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇവര്‍ക്കെതിരെ ദിയ പൊലീസിലും പരാതി നല്‍കി. ഇതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്.പരാതി വ്യാജമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
കൃഷ്ണകുമാറിന്റെ വാക്കുകള്‍: എന്റെ രണ്ടാമത്തെ മകള്‍ ദിയയാണ് ഫാന്‍സി ആഭരണങ്ങളുടെ ബിസിനസ്സ് നടത്തുന്നത്. ‘ഓഹ് ബൈ ഓസി’ എന്ന പേരിലാണ് സ്ഥാപനം. നന്നായി പോകുന്ന സ്ഥാപനമാണ്. ദിയ ഗര്‍ഭിണി ആയതോടെ എന്നും അവിടെ പോയി ഇരിക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. ഭര്‍ത്താവ് ഐടിയില്‍ ആയതിനാല്‍ അദ്ദേഹത്തിനും കടയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. കടയില്‍ മൂന്നു കുട്ടികളുണ്ട്. വിശ്വസ്തരായി എന്നും കൂടെ നിന്നു വര്‍ക്ക് ചെയ്യുന്നവരാണ്. എന്നും വിളിക്കുന്നു, കാര്യങ്ങള്‍ ചോദിച്ചു ചെയ്യുന്നു… കണക്കുകള്‍ പറയുന്നു, അങ്ങനെ എല്ലാം ഉണ്ട്. എന്നാല്‍ അവിടെ സംഭവിച്ചത് എന്താണെന്നു വച്ചാല്‍ കടയില്‍ വരുന്നവരോട് ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്നു പറയും. എന്നിട്ട് അവരുടെ ഫോണിലെ ക്യുആര്‍ കോഡ് കാണിക്കും. ഇതെല്ലാം കടയിലെ സിസിടിവി ക്യാമറയില്‍ നിന്ന് എടുത്ത് പൊലീസിന് നല്‍കിയിട്ടുണ്ട്.

അവര്‍ ഇങ്ങനെ പണം കൈപ്പറ്റിക്കൊണ്ടിരുന്നു. അതിനിടയില്‍ ദിയയുടെ ഒരു സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിയപ്പോഴും അവര്‍ ഇങ്ങനെ തന്നെ ചെയ്തു. ആ കുട്ടി ദിയയെ വിളിച്ച് പണം കിട്ടിയോ എന്നു ചോദിച്ചു. അപ്പോള്‍ പരിശോധിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലാകുന്നത്. ഇതു ചോദിച്ചപ്പോള്‍ അവര്‍ ജോലി ഉപേക്ഷിച്ചു പോയി. പിന്നീട് ഞങ്ങള്‍ അവരെ വിളിച്ചു പറഞ്ഞു, ഇതുപോലെ പൈസ നഷ്ടപ്പെട്ട കാര്യം മനസ്സിലായിട്ടുണ്ട്, പൊലീസില്‍ പോകുകയാണ് എന്ന്. അവര്‍ അടുത്ത ദിവസം ദിയയുടെ ഫ്‌ലാറ്റിനു താഴെ വന്ന് സംസാരിച്ചു. അവര്‍ പറഞ്ഞു, ഞങ്ങള്‍ കുറച്ചു പൈസ എടുത്തിട്ടുണ്ട്, തരാം! ഫ്‌ലാറ്റിന് താഴെ ആകെ ശബ്ദവും ആളുകളും ആയപ്പോള്‍ അസോസിയേഷന്റെ ആളുകള്‍ ഞങ്ങളുടെ ഓഫിസില്‍ പോയി ഇരുന്ന് സംസാരിക്കാന്‍ പറഞ്ഞു. അങ്ങനെ ഓഫിസിലേക്ക് അവര്‍ ബൈക്കിലും കാറിലുമൊക്കെയായി വന്നു. 69 ലക്ഷം രൂപ ക്യൂആര്‍ കോഡ് വഴി മാത്രം അവര്‍ തട്ടിച്ചെടുത്തതായി കണക്കുകള്‍ നോക്കിയപ്പോള്‍ മനസ്സിലായി.
ക്യാഷ്, സ്റ്റോക്ക് തുടങ്ങിയവയിലുള്ള കൃത്രിമം വേറെ. ഇതു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, പൈസ കുറച്ചു തരാം എന്നു പറഞ്ഞ് 8,82,000 രൂപ കൊണ്ടു വന്നു തന്നു. ഇതിന്റെ വിഡിയോ സഹിതം ഞങ്ങളുടെ കയ്യിലുണ്ട്. അവിടെ നിന്നു പോയതിനുശേഷം ആ പെണ്‍കുട്ടികളില്‍ ഒരാളുടെ ഭര്‍ത്താവ് ദിയയെ വിളിച്ച് ഭീഷണിപ്പെടുത്തി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ പൈസ തരാന്‍ പറ്റില്ലെന്നു പറഞ്ഞു. അടുത്ത ദിവസം തന്നെ ഞങ്ങള്‍ പരാതി കൊടുത്തു. അതിന്റെ അടുത്ത ദിവസമാണ് അവര്‍ ഒരു കൗണ്ടര്‍ കേസ് കൊടുത്തത്.
അവരെയും ഭര്‍ത്താക്കന്മാരെയും ഞങ്ങള്‍ തട്ടിക്കൊണ്ടു പോയി കെട്ടി ഇട്ട് ഇടിച്ച് പൈസ വാങ്ങിയെന്നു പറഞ്ഞാണ് പരാതി കൊടുത്തത്. അവര്‍ കുറ്റം ചെയ്തതിന്റെയും അതു സമ്മതിച്ചതിന്റെയും തെളിവ് സഹിതമാണ് ഞങ്ങള്‍ പരാതി കൊടുത്തത്. രണ്ടു ദിവസമായി പൊലീസ് ഇവിടെ വന്ന് എല്ലാം പരിശോധിക്കുന്നുണ്ട്. പക്ഷേ, അവര്‍ കൊടുത്ത കൗണ്ടര്‍ കേസില്‍ ഞങ്ങള്‍ ആറുപേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് ഇഷ്യു ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ നിയമം അനുസരിച്ച് ജീവിക്കുന്നവരാണ്. ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് ഉചിതമായ നടപടി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഞങ്ങള്‍ ഇരിക്കുന്നത്.