
പാലക്കാട്: ആരോഗ്യവകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥനെന്ന വ്യാജേന അതിഥിത്തൊഴിലാളികളുടെ മുറികള്‍ നിരീക്ഷിച്ചശേഷം മോഷണം നടത്തിയയാള്‍ അറസ്റ്റില്‍. മലപ്പുറം കരുളായി അമരമ്പലം പനങ്ങാടന്‍ വീട്ടില്‍ അബ്ദുള്‍ റഷീദാ(43)ണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. ഹോട്ടല്‍ ജീവനക്കാരായ അതിഥിത്തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന, പാലപ്പുറത്തെ മുറികളില്‍നിന്ന് അഞ്ച് മൊബൈല്‍ഫോണുകളും 3,500 രൂപയും മോഷണംപോയ കേസിലാണ് അറസ്റ്റ്.
നാലുദിവസംമുന്‍പാണ് അബ്ദുള്‍ റഷീദ് പരിശോധന നടത്തിയത്. സ്ഥലവും സ്ഥിതിഗതികളും മനസിലാക്കിയശേഷം വ്യാഴാഴ്ച രാവിലെ ഒന്‍പതരയ്ക്കും പത്തിനുമിടയില്‍ മുറികളില്‍ കയറി മോഷണം നടത്തിയെന്നും പോലീസ് പറയുന്നു. ഒരു വിഭാഗം തൊഴിലാളികള്‍ ഹോട്ടലില്‍ ജോലിക്കുപോകുന്ന സമയവും മറ്റു തൊഴിലാളികള്‍ ഉറങ്ങുന്ന സമയവും കണക്കാക്കിയായിരുന്നു മോഷണമെന്നും പറഞ്ഞു. രാവിലെ ആറുമണിക്ക് മോഷണശ്രമം നടത്തിയെങ്കിലും തൊഴിലാളികള്‍ ഉണര്‍ന്നിരിക്കുന്നതുകണ്ട് തിരിച്ചുപോവുകയായിയുരുന്നുവെന്നും പറഞ്ഞു.

തൊഴിലാളികളുടെ പരാതിയില്‍ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങളെല്ലം ലഭിച്ചിരുന്നു. തുടര്‍ന്ന്, കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് അബ്ദുള്‍ റഷീദിനെ ഷൊര്‍ണൂരിലെ ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്തത്.
ആറു മൊബൈല്‍ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ, കാളികാവ്, അരീക്കോട്, കാടാമ്പുഴ, കുറ്റിപ്പുറം, കോട്ടയ്ക്കല്‍, മലപ്പുറം, തിരൂര്‍, നിലമ്പൂര്‍, പേരാമംഗലം, തൃശ്ശൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലായി 16-ഓളം സമാനമായ മോഷണക്കേസുകളില്‍ പ്രതിയാണ് പിടിയിലായ റഷീദെന്നു പോലീസ് പറഞ്ഞു.
അതിഥിത്തൊഴിലാളികളുടെമാത്രം മൊബൈല്‍ഫോണും പണവും അബ്ദുള്‍ റഷീദ് മോഷ്ടിക്കൂവെന്നും മോഷ്ടിക്കാന്‍ കയറിയയിടത്ത് മറ്റെന്തെങ്കില്‍ വിലകൂടിയ സാധനങ്ങളുണ്ടെങ്കില്‍പോലും എടുക്കില്ലെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറയുന്നു. ആദ്യം സ്ഥലവും പരിസരവും നോക്കിവെക്കും. അതിനായി പലയിടത്തും പോലീസ് വേഷത്തിലാണ് എത്തിയത്. ചിലയിടത്ത് ആരോഗ്യവകുപ്പില്‍നിന്നാണെന്നും പറയും. സ്ഥലവും സന്ദര്‍ഭവും മനസിലാക്കി വന്ന് പണവും മൊബൈല്‍ഫോണും മോഷ്ടിക്കുമെന്നും പറയുന്നു. മോഷ്ടിക്കാനെത്തുമ്പോഴും ഒരു ഉദ്യോഗസ്ഥനെന്ന് തോന്നിക്കുന്ന വേഷവിധാനങ്ങളോടെയാണ് എത്തുക.
ഒറ്റപ്പാലത്ത് മോഷണത്തിനെത്തിയപ്പോള്‍ വെള്ള ടീഷര്‍ട്ടും പാന്റ്സും കറുത്ത മാസ്‌ക്കും ഷൂവും ധരിച്ചിരുന്നു. മോഷ്ടിക്കുന്ന സാധനങ്ങള്‍ തിരൂരിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ വില്‍ക്കലായിരുന്നു ആദ്യം പതിവ്. പോലീസ് ഈ കടകളില്‍ ചോദിച്ചെത്തിയതോടെ വില്‍പ്പന നാട്ടിലേക്കു മടങ്ങുന്ന അതിഥിത്തൊഴിലാളികള്‍ക്കായെന്നും പറഞ്ഞു.