Breaking NewsIndiaLead NewsNEWSpolitics

നിങ്ങള്‍ കമല്‍ഹാസനോ, ആരുമാകട്ടെ; വികാരം വ്രണപ്പെടുത്തിയല്ല ആവിഷ്‌കാര സ്വാതന്ത്ര്യം നടത്തേണ്ടത്, ക്ഷമ പറയണം: തഗ് ലൈഫിലെ പ്രസ്താവനയുടെ പേരില്‍ ഉലകനായകനെ കുടഞ്ഞ് കോടതി

ബെംഗളൂരു: കന്നഡ ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. നാക്കു പിഴ ആര്‍ക്കും സംഭവിക്കാമെന്നും പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നു പറഞ്ഞ കോടതി ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് വാക്കാല്‍ നിര്‍ദേശിച്ചു. ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാമായിരുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ ചിത്രം റിലീസ് ചെയ്യാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

”നിങ്ങള്‍ കമല്‍ഹാസനോ മറ്റാരെങ്കിലുമോ ആകാം. നിങ്ങള്‍ക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ കഴിയില്ല. സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പറയപ്പെടുന്ന പ്രസ്താവനയ്ക്ക് നടന്‍ കമല്‍ഹാസന്‍ മാപ്പ് പറയണം. കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്’ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ ഓഡിയോ റിലീസിന്റെ കമല്‍ഹാസന്‍ നടത്തിയ പ്രസ്താവനയുടെ വിഡിയോ കണ്ട ശേഷം ജസ്റ്റിസ് എം.നാഗപ്രസന്ന പറഞ്ഞു.

Signature-ad

അതേസമയം രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ധ്യാന്‍ ചിന്നപ്പ, കമല്‍ഹാസന്റെ പ്രസ്താവന വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് നടത്തിയതെന്നാണ് വാദിച്ചത്. പരിപാടിയില്‍ കന്നഡ സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാറും സന്നിഹിതനായിരുന്നുവെന്നും പ്രസ്താവന കന്നഡ ഭാഷയ്ക്കെതിരെയാണെന്ന് പറയാന്‍ കഴിയില്ലെന്നും ചിന്നപ്പ വാദിച്ചു. കമല്‍ഹാസന്‍ നല്‍കിയ മറുപടിയും ചിന്നപ്പ കോടതിക്കു മുന്‍പാകെ സമര്‍പ്പിച്ചു.

”വിഷയത്തില്‍ ഒരു ക്ഷമാപണവും അദ്ദേഹം നടത്തുന്നില്ല. ഈ രാജ്യത്ത് സംസ്ഥാനങ്ങള്‍ രൂപീകരിച്ചിരിക്കുന്നത് ഭാഷാടിസ്ഥാനത്തിലാണ്. ഒരു പൊതുപ്രവര്‍ത്തകന് അത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയില്ല. അതുമൂലം അശാന്തി സംഭവിച്ചു. കര്‍ണാടകയിലെ ജനങ്ങള്‍ ക്ഷമാപണം മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ നിങ്ങള്‍ സംരക്ഷണം തേടി ഇവിടെ വന്നിരിക്കുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ പ്രസ്താവന നടത്തിയത്, നിങ്ങള്‍ ഒരു ചരിത്രകാരനോ ഭാഷാശാസ്ത്രജ്ഞനോ ആണോ? എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ സംസാരിച്ചത്?” കോടതി ചോദിച്ചു.

75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍ കേന്ദ്രമന്ത്രി രാജഗോപാല്‍ ആചാരി നടത്തിയ ക്ഷമാപണവും കോടതി ഉദ്ധരിച്ചു. ”75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ ഒരു പ്രസ്താവന രാജഗോപാല്‍ ആചാരി നടത്തിയിരുന്നു. പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തി. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സിനിമയുടെ റിലീസിന് സംരക്ഷണം തേടുകയാണ്. ക്ഷമാപണം നടത്താമായിരുന്നു.” കോടതി വാക്കാല്‍ പറഞ്ഞു. വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്ത് നിര്‍മിച്ച ഒരു കലാസൃഷ്ടിയാണിതെന്നും, 1987ല്‍ പുറത്തിറങ്ങിയ ‘നായകന്‍’ സിനിമയ്ക്കു ശേഷം ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ രണ്ട് അതികായന്‍മാരായ കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് തഗ് ലൈഫ് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

”സ്വന്തം കലാസൃഷ്ടിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. ഭാഷ എന്നത് ജനങ്ങളുമായി ബന്ധപ്പെട്ട ഒരു വികാരമാണ്. നിങ്ങള്‍ ഒരു സാധാരണ മനുഷ്യനല്ല, ഒരു പൊതു വ്യക്തിയാണ്. ഇപ്പോള്‍ നിങ്ങള്‍ സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഉപേക്ഷിക്കൂ. ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനായി ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ അനുവദിക്കാന്‍ കഴിയില്ല. ആരുടെയും വികാരങ്ങളിലേക്ക് കൈകടത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. തെറ്റുകള്‍ സംഭവിക്കും, തെറ്റുകള്‍ സംഭവിക്കുമ്പോള്‍ എന്തു ചെയ്യണമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. നാക്കു പിഴ സംഭവിക്കാം. പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ല, പക്ഷേ ക്ഷമാപണം നടത്താം.” കോടതി കൂട്ടിച്ചേര്‍ത്തു .

കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവരുടെ അവകാശത്തെ തടയിടരുതെന്നും ഹര്‍ജിക്കാരായ രാജ്കമല്‍ ഫിലിംസ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ കോടതിയില്‍ വരട്ടെയെന്നും തഗ് ലൈഫ് കാണാന്‍ ആഗ്രഹമുണ്ടെന്ന് കോടതിയെ അറിയിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

 

Back to top button
error: