
ഭുവനേശ്വര്‍: ഒഡിഷയില്‍ കന്യാസ്ത്രീയെ ട്രെയിനില്‍നിന്ന് പിടിച്ചിറക്കി ആക്രമിച്ചു. മതപരിവര്‍ത്തനം ആരോപിച്ചാണ് 29-കാരിയായ കന്യാസ്ത്രീയെ ആക്രമിച്ചത്. മേയ് 31-ന് രാത്രിയില്‍ രാജധാനി എക്‌സ്പ്രസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.
ട്രെയിനില്‍ കന്യാസ്ത്രീയോടൊപ്പം മറ്റു നാലുപേരും ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനും കൂടെ ഉണ്ടായിരുന്നു. ഇവരെ കണ്ട അക്രമികള്‍, കന്യാസ്ത്രീ കുട്ടിക്കടത്തും മതപരിവര്‍ത്തനവും നടത്തുകയാണെന്നാരോപിച്ച് ബലം പ്രയോഗിച്ച് കോര്‍ബ സ്റ്റേഷനില്‍ ഇറക്കുകയായിരുന്നു. രാത്രി പതിനൊന്ന് മണിക്കായിരുന്നു സംഭവം.

താന്‍ കന്യാസ്ത്രീയാണെന്നും കാലങ്ങളോളം കത്തോലിക്കാ സഭയുടെ വിശ്വാസിയാണെന്നും പറഞ്ഞ് ഐഡി കാര്‍ഡുകളടക്കം കാണിച്ചെങ്കിലും വെറുതെവിട്ടില്ലെന്നും ആള്‍ക്കൂട്ട വിചാരണനടത്തിയെന്നുമാണ് പരാതി. പിന്നീട് പോലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
ഒഡിഷയിലെ സാംബല്‍പുര്‍ കുച്ചിന്‍ഡ ചര്‍വാച്ചിയില്‍ കാര്‍മല്‍ നികേതന്‍ ആശ്രമത്തിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ വൈദികര്‍ മഞ്ഞുമ്മല്‍ സെയ്ന്റ് ജോസഫ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്. മേയ് 23-ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമിസംഘം എത്തിയത്. ഏഴുപേരാണ് മുറികളിലെത്തിയത്. നാലുപേര്‍ പുറത്തു നില്‍ക്കുകയായിരുന്നു. പണം ചോദിച്ചായിരുന്നു അക്രമം. 30,000 രൂപയും പ്രിന്ററും പിയാനോയും അക്രമികള്‍ കൊണ്ടുപോയതായി പരുക്കേറ്റ വൈദികര്‍ പറഞ്ഞു.