നിലമ്പൂരില്‍ യുഡിഎഫില്‍ കല്ലുകടി; തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; പകരം ആളെ വിടുന്ന പതിവു തെറ്റിച്ചു; ജില്ലയിലുണ്ടായിട്ടും എത്താതെ അബ്ബാസലി തങ്ങള്‍; ആര്യാടന്‍ ഷൗക്കത്ത് തോല്‍പ്പിച്ചെന്ന് ആരോപണം ഉയര്‍ത്തിയ വി.വി. പ്രകാശിന്റെ വീട്ടിലെത്തി അന്‍വറിന്റെ അപ്രതീക്ഷിത നീക്കം

നിലമ്പൂര്‍: യുഡിഎഫ് നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ കല്ലുകടിയായി പാണക്കാട് കുടുംബത്തിന്റെ അസാന്നിധ്യം. കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ മുസ്ലിം ലീഗിനെ നയിക്കുന്ന പാണക്കാടു കുടുംബത്തില്‍നിന്ന് ഒരാള്‍ പോലും പങ്കെടുത്തില്ല. സാദിഖ് അലി ശിഹാബ് തങ്ങള്‍ ഹജ്ജിനു പോയെന്ന വിശദീകരണം എത്തിയെങ്കിലും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത അബ്ബാസലി തങ്ങളും മുനവറലി തങ്ങളും യുഡിഎഫിന്റെ വേദിയില്‍ എത്തിയില്ല. സാധാരണ ഗതിയില്‍ എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കില്‍ പകരം ആളെ അയയ്ക്കാറുണ്ട് പാണക്കാട് കുടുംബം. ഇക്കുറി അതുമുണ്ടായില്ല എന്നതു ശ്രദ്ധേയമാണ്.
അതേസമയം, പത്രിസ സമര്‍പ്പണത്തിനുശേഷം പി.വി. അന്‍വര്‍ പോയതു കഴിഞ്ഞവട്ടം യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.വി. പ്രകാശിന്റെ വീട്ടിലേക്കാണ് എന്നതും ശ്രദ്ധേയമാണ്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിക്കുന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍തന്നെ വി.വി. പ്രകാശിന്റെ മകള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മലപ്പുറം ഡിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന വി.വി. പ്രകാശ്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെയായിരുന്നു വി.വി. പ്രകാശ് അന്തരിച്ചത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി.വി. അന്‍വറിനോട് 2700 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. വി.വി. പ്രകാശിന്റെ തോല്‍വിക്ക് കാരണം ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തിച്ചതാണെന്ന് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ അന്നേ ആരോപണമുണ്ടായിരുന്നു. ഇതു മുതലെടുക്കുന്നതിനുവേണ്ടിയാണോ പി.വി. അന്‍വറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണു കരുതുന്നത്.
അതേസമയം, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനിടെ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രംഗത്തുവന്നു. മലപ്പുറം ജില്ലയെ അപമാനിച്ച ആളാണ് പിണറായി വിജയന്‍. മറ്റു ജില്ലകളുടെ കാര്യം മറച്ചുവച്ച് മലപ്പുറത്തെ ഒറ്റപ്പെടുത്തി ആക്രമിച്ചു. ഈ ജില്ലയ്ക്കെതിരെ ഏറ്റവും വലിയ ചതി ചെയ്തു. പൂരം കലക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിച്ചത് മുഖ്യമന്ത്രിയാണ്. സ്വന്തം മന്ത്രിസഭയിലുണ്ടായിരുന്നു വി.എസ്.സുനില്‍ കുമാറിനെ തൃശൂരില്‍ ചതിച്ചു. തിരഞ്ഞെടുപ്പ് വന്നതിനു കാരണം വെറുക്കപ്പെട്ട സര്‍ക്കാരിന്റെ പരിണതഫലം. ദേശീയപാതയിലുണ്ടാ തകര്‍ച്ചയില്‍ കേരളം അപമാനം കാരണം തലകുനിച്ചു. അറേബ്യന്‍ നാടുകളിലെ എല്ലാ സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടുവന്നാലും പിണറായിയുടെ കൈയ്യിലെ പാപക്കറ കഴുകി കളയാനാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് വോട്ടുകിട്ടാന്‍ ഉപയോഗിക്കുന്ന കൈക്കൂലി ആയാണ് പിണറായി സര്‍ക്കാര്‍ ക്ഷേമപെന്‍ഷനെ കാണുന്നത്. കപ്പല്‍ അപകടം ഉണ്ടായിട്ട് ഈ സര്‍ക്കാര്‍ അനങ്ങിയില്ല. കപ്പല്‍ കമ്പനിയ്‌ക്കെതിരെ സര്‍ക്കാര്‍ കേസുമായി മുന്നോട്ടുപോയില്ല. മലയോരവാസികള്‍ ഉറങ്ങിയിട്ട് എത്ര കാലമായി. വന്യമൃഗങ്ങളുടെ മുന്നിലേക്ക് ചാകാനായിട്ട് സാധാരണക്കാരനെ ഇട്ടുകൊടുക്കുകയാണ്. ഓരോ ദിവസവും ആക്രമണം പെരുകുകയാണ്. സ്വന്തം വീട്ടില്‍ മലയോരവാസികള്‍ക്ക് കിടന്നുറങ്ങാന്‍ സാധിക്കുന്നില്ല. ബിജെപിയുടെ പൂതി നിലമ്പൂരില്‍ നടക്കാന്‍ പോകുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വരും
2026ല്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ദേശീയപാതയില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. ആശുപത്രികളില്‍ മരുന്നില്ല. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനു കോടികള്‍ കൊടുക്കാനുണ്ട്. സ്‌കൂളുകളിലെ പാവപ്പെട്ട പാചകതൊഴിലാളികള്‍ക്ക് ലക്ഷം കൊടുക്കാനുണ്ട്. കേരളത്തെ പാപ്പരാക്കിയ ജനജീവതം ദുരിതപൂര്‍ണമാക്കിയ സര്‍ക്കാരാണ് പിണറായിയുടേത്. ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരാണിത്. കൊള്ളക്കാരുടെ സര്‍ക്കാരിനെ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യണം. നിലമ്പൂരിലെ ജനങ്ങള്‍ കേരളത്തിനുവേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.